കോട്ടയം: ലോറിയില്‍ കൊണ്ടുപോകവെ മസ്തകം ലോറിയുടെ കാബിനിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ആന ചരിഞ്ഞു. തോട്ടയ്ക്കാട് സ്വദേശി ബാബുവിന്റെ ഉടമസ്ഥതയിലുള്ള ‘കാര്‍ത്തികേയന്‍’ എന്ന ആനയാണ് അപകടത്തില്‍പ്പെട്ടത്.
കോട്ടയം നഗരത്തിനടുത്ത് ഇല്ലിക്കലില്‍ ശനിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. അമിതവേഗത്തിലായിരുന്ന ലോറി ഹമ്പില്‍ ബ്രേക്കിട്ടപ്പോള്‍ പടങ്ങിന്റെ മുന്നിലെ തടി ഒടിഞ്ഞു. ആനയുടെ മുന്‍കാലുകള്‍ അതിനിടയില്‍ കുടുങ്ങി, കാല്‍ മുറിഞ്ഞു. ഒപ്പം മസ്തകം ശക്തിയായി ലോറിയുടെ കാബിനിന്റെ പിന്നില്‍ ചെന്നിടിക്കുകയും ചെയ്തു. പിന്നീട് ആന ലോറിയില്‍ വീണു.
ലോറി അമിതവേഗത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ റൂട്ടില്‍ വേഗം കുറയ്ക്കാനുള്ള ഹമ്പുകള്‍ ധാരാളമുണ്ട്. അവിടെയെല്ലാം വച്ച് ബ്രേക്കിടുമ്പോള്‍ ആന മുന്നിലേക്ക് ആയുകയും കാബിനില്‍ മസ്തകം ഇടിക്കുകയുമായിരുന്നു. ആമ്പക്കുഴി ഭാഗത്തെ ഹമ്പില്‍ ബ്രേക്കിട്ടപ്പോഴാണ് തടിയൊടിഞ്ഞതും ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റതും. എന്നിട്ടും മുന്നോട്ടുപോയ ലോറി നാട്ടുകാര്‍ തടയുകയായിരുന്നു. പരിക്കേറ്റ് അവശനിലയിലായ ആന അപ്പോള്‍ നില്‍ക്കുകയായിരുന്നു. പിന്നെ, ക്രമേണ മുന്നിലേക്ക് കുനിഞ്ഞിരുന്നു. മസ്തകം കാബിനിലും ഇടതുവശം തടിയിലും താങ്ങിക്കിടന്നു. കൊമ്പ് താഴെക്കുത്തി, കുനിഞ്ഞിരിക്കുന്ന നിലയിലാണ് കിടന്നത്. മുന്‍കാലുകള്‍ രണ്ടും മടങ്ങിയിരിക്കുകയായിരുന്നു. ഗ്ലൂക്കോസ് ഡ്രിപ്പ് ഉള്‍പ്പെടെ മരുന്നുകള്‍ പ്രയോഗിച്ചെങ്കിലും എഴുന്നേല്പിക്കാനായില്ല. ഇടയ്ക്ക് തടികള്‍ അറത്തുമാറ്റി ആനയെ എഴുന്നേല്പിക്കാന്‍ പാപ്പാന്മാരും സഹായികളും ശ്രമിച്ചെങ്കിലും നടന്നില്ല. പിന്‍കാലില്‍ ബലം കൊടുത്ത് എഴുന്നേല്‍ക്കാനുള്ള ആനയുടെ ശ്രമവും ഫലിച്ചില്ല. കടുത്ത വേദനയാല്‍ ചിന്നംവിളിക്കാന്‍ മാത്രമേ ഈ മിണ്ടാപ്രാണിക്കായുള്ളൂ. വൈകുന്നേരത്തോടെ ക്രെയിന്‍ കൊണ്ടുവന്ന് താഴെ ഇറക്കി. സ്വയം നില്‍ക്കാനാവാത്ത ആനയെ ക്രെയിന്‍ബെല്‍റ്റില്‍ കുറേനേരം താങ്ങിനിര്‍ത്തി. രാത്രി 11 മണിയോടെ ചരിയുകയായിരുന്നു. ലോറിഡ്രൈവര്‍ സാജനെതിരെ നാട്ടാന പരിപാലനനിയമപ്രകാരം വനംവകുപ്പ് കേസെടുത്തു. തണ്ണീര്‍മുക്കത്തുനിന്ന് തോട്ടയ്ക്കാട്ടേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടം.
Discussion about this post