കണ്ണൂര്‍: തിരുവനന്തപുരം- മംഗലാപുരം അതിവേഗ റെയില്‍ ഇടനാഴി സ്ഥാപിക്കുന്നതിനെക്കുറിച്ച് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി) സാധ്യതാപഠനം തുടങ്ങി. ആദ്യം ഗതാഗതപഠന റിപ്പോര്‍ട്ടാണ് തയ്യാറാക്കുന്നത്. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ബാംഗ്ലൂരിലെ വില്‍ബര്‍സ്മിത്ത് അസോസിയേറ്റ്‌സിനെ ഡി.എം.ആര്‍.സി. ചുമതലപ്പെടുത്തി. പാതയ്ക്ക് 600 കി.മീറ്ററോളം ദൈര്‍ഘ്യം വരും. ആദ്യഘട്ടം ഒമ്പത് സ്റ്റേഷനുകളാണുണ്ടാവുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം എന്നിവയാണിത്. മണിക്കൂറില്‍ ശരാശരി 200 കിലോമീറ്റര്‍ വേഗമുണ്ടാകും.
രണ്ടാംക്ലാസ് എ.സി.യില്‍ കിലോമീറ്ററിന് ആറുരൂപ, എട്ടുരൂപ, 10 രൂപ ടിക്കറ്റ് നിരക്കുകളാണ് പരിഗണിക്കുന്നത്. ഓരോ നിരക്കിലും യാത്രാസമയത്തിലുള്ള ലാഭം, തീവണ്ടികള്‍ ഓടിക്കുന്നതിന്റെ ഇടവേള, സ്റ്റോപ്പ് തുടങ്ങിയവയില്‍ യാത്രക്കാരുടെ താല്പര്യങ്ങളും പരിശോധിക്കുന്നുണ്ട്. യാത്രാസമയത്തില്‍ നിലവിലുള്ളതിന്റെ 60 മുതല്‍ 80 ശതമാനം വരെ ലാഭമാണ് പ്രതീക്ഷിക്കുന്നത്.
റെയില്‍ ഇടനാഴി നിര്‍മാണത്തിന് സംസ്ഥാന ബജറ്റില്‍ 20 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി കെ.എസ്.ഐ.ഡി.സിയെയും ചുമതലപ്പെടുത്തി. കൊച്ചി-പാലക്കാട് അതിവേഗ റെയില്‍ ഇടനാഴിയും പരിഗണനയിലുണ്ട്. നിലവിലുള്ള ലൈനിന് പുറമെ പുതിയ ലൈനാവും ഇതിനായി നിര്‍മിക്കുക. പുതിയ പാതയിലൂടെ ചരക്ക് ഗതാഗതവും പാസഞ്ചര്‍ സര്‍വീസും ഒരേപോലെ നടത്താനാണ് ലക്ഷ്യം.
Discussion about this post