കാണ്‍പൂര്‍: സ്വാതന്ത്ര്യ സമരസേനാനിയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ഓഫീസറുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സേഗാള്‍(97) അന്തരിച്ചു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് കാണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. രാവിലെ 11.20 നായിരുന്നു അന്ത്യം. മരണശേഷം അവരുടെ കണ്ണുകള്‍ ദാനം ചെയ്തു. മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി നല്‍കും.
ഉച്ചയ്ക്ക് ശേഷം കാണ്‍പൂരിലെ അവരുടെ പഴയ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സി.പി.എം നേതാക്കളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട് എന്നിവര്‍ ഡല്‍ഹിയില്‍ നിന്നും കാണ്‍പൂരിലേക്ക് തിരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ മൃതദേഹം പൊതുദര്‍ശനത്തിനായി കാണ്‍പൂരിലെ പാര്‍ട്ടി ഓഫീസിലേക്ക് മാറ്റും.
സിപിഎം സഹയാത്രികയായിരുന്ന ലക്ഷ്മിയുടെ മൃതദേഹം നാളെ പത്ത് മണിക്ക് സിപിഎം കാണ്‍പൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഇതിനുശേഷമാകും കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി മൃതദേഹം കൈമറുക. 1914 ഒക്ടോബര്‍ 24 ന് ജനിച്ച ക്യാപ്റ്റന്‍ ലക്ഷ്മി ആസാദ് ഹിന്ദ് സര്‍ക്കാരില്‍ വനിതാക്ഷേമ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രട്ടീഷ് ഇന്ത്യയിലെ മദിരാശി പ്രസിഡന്‍സിയിലായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജനനം. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്ന ഡോ. എസ്. സ്വാമിനാഥനാണ് പിതാവ്. അമ്മ എ.വി. അമ്മുക്കുട്ടി പാലക്കാട് ആനക്കരയില്‍ വടക്കത്ത് കുടുംബാംഗമാണ്. സാമൂഹ്യപ്രവര്‍ത്തകയായിരുന്ന അമ്മ സ്വാതന്ത്യ്രസമര പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
1938 ല്‍ മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് ബിരുദമെടുത്ത ലക്ഷ്മി പിന്നീട് ഗൈനക്കോളജിയില്‍ സ്‌പെഷ്യലൈസ്ഡ് ഡിപ്‌ളോമയും നേടി. അവസാനകാലം വരെ കാണ്‍പൂരില്‍ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നല്‍കിയിരുന്നു. പഠനത്തിന് ശേഷം 1940 ല്‍ സിംഗപ്പൂരിലേക്ക് പോയ അവര്‍ ഇന്ത്യക്കാരായ കുടിയേറ്റക്കാര്‍ക്ക് വേണ്ടി അവിടെ ക്‌ളിനിക്ക് തുടങ്ങി. 1942 ല്‍ ജപ്പാന്‍ സിംഗപ്പൂരിനെ ആക്രമിച്ചപ്പോള്‍ പരിക്കേറ്റ തടവുകാരെ ചികിത്സിക്കുന്ന ചുമതല അവര്‍ ധൈര്യപൂര്‍വം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്നാണ് സ്വാതന്ത്യ്രസമര പ്രസ്ഥാനങ്ങളിലേക്ക് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1943 ല്‍ സിംഗപ്പൂരിലെത്തിയ നേതാജി സുഭാഷ് ചന്ദ്രബോസിന്റ് പ്രസംഗങ്ങളില്‍ ആകൃഷ്ടയായാണ് അവര്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേരുന്നത്. സ്വാതന്ത്യ്ര സമരം പൂര്‍ത്തീകരിക്കണമെങ്കില്‍ ഐഎന്‍എയില്‍ വനിതാ റെജിമെന്റ് വേണമെന്ന് നേതാജി പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ചിരുന്നു. ഇതനുസരിച്ച് രൂപീകരിച്ച റാണി ജാന്‍സി റെജിമെന്റിലായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി അംഗമായത്. ഏഷ്യയിലെ ആദ്യ വനിതാസായുധ യൂണിറ്റായിരുന്നു ഇത്. പിന്നീട് ഇവര്‍ക്ക് കേണല്‍ റാങ്ക് ലഭിക്കുകയും ചെയ്തു. 1947 ല്‍ കേണല്‍ പ്രേംകുമാര്‍ സേഗാളിനെ വിവാഹം ചെയ്ത ക്യാപ്റ്റന്‍ ലക്ഷ്മി ഇതിനുശേഷമാണ് കാണ്‍പൂരില്‍ താമസമാക്കിയത്. 1971 ല്‍ സിപിഎമ്മില്‍ ചേര്‍ന്ന ക്യാപ്റ്റന്‍ ലക്ഷ്മി പിന്നീട് രാജ്യസഭാംഗവുമായി. 2002 ല്‍ ഇടതുപാര്‍ട്ടികള്‍ അവരെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയെങ്കിലും എ.പി.ജെ അബ്ദുള്‍ കലാമിനോട് മത്സരിച്ച് പരാജയപ്പെട്ടു. 1998 ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം അവരെ ആദരിച്ചു.
Discussion about this post