ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണകള്‍ ചെയ്യുന്നതിനായി തമിഴ്‌നാടിന് സുപ്രീംകോടതി അനുമതി നല്‍കി. തമിഴ്‌നാടിന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് അനുമതി നല്‍കിയത്. മുല്ലപ്പെരിയാറില്‍ തല്‍സ്ഥിതി തുടരണമെന്ന നിലപാട് സ്വീകരിച്ച കേരളത്തിന് തിരിച്ചടിയാണ് കോടതിയുടെ ഉത്തരവ്. കേസ് വീണ്ടും അടുത്ത മാസം 31 ന് പരിഗണിക്കും.
ഇരു സംസ്ഥാനങ്ങളിലെയും ഓരോ പ്രതിനിധിയും കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്‍ നിര്‍ദേശിക്കുന്ന ഒരു പ്രതിനിധിയും ഉള്‍പ്പെടുന്ന സമിതിയാകും അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം വഹിക്കുക. ഡാം സേഫ്റ്റി സ്‌റാന്‍ഡേര്‍ഡ് അനുസരിച്ച് അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്ന് ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സുരക്ഷ കണക്കിലെടുത്ത് അറ്റകുറ്റപ്പണി നടത്താന്‍ അനുവദിക്കണമെന്നുമായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം.
അറ്റകുറ്റപ്പണി നടത്തേണ്ട ആവശ്യത്തെക്കുറിച്ച് ഉന്നതാധികാര സമിതിയിലെ സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നതായും തമിഴ്‌നാട് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മുല്ലപ്പെരിയാറില്‍ നിന്ന് വള്ളക്കടവിലേക്കുള്ള റോഡ് അറ്റകുറ്റപ്പണി നടത്താനും മരങ്ങള്‍ വെട്ടിമാറ്റാനും ബേബി ഡാമിന് മുകളിലേക്കുള്ള മരങ്ങള്‍ വെട്ടിമാറ്റാനും അനുവദിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തോട് കോടതി അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇക്കാര്യത്തില്‍ വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാനാണ് കോടതിയുടെ നിര്‍ദേശം. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന് ആധാരമാക്കിയ പഠന റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
Discussion about this post