ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുക, ലോക്പാല്‍ ബില്ല് പാസാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അന്നാ ഹസാരെ സംഘം ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. സര്‍ക്കാരില്‍നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ലെങ്കില്‍ ഞായറാഴ്ച മുതല്‍ അന്നാ ഹസാരെയും നിരാഹാര സമരത്തില്‍ പങ്കുചേരും. കേന്ദ്രമന്ത്രി സഭയിലെ പതിനഞ്ച് മന്ത്രിമാര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിമാര്‍ അടങ്ങിയ പ്രത്യേകസംഘം അന്വേഷിക്കണമെന്നാണ് ഹസാരെ സംഘത്തിന്റെ പ്രധാന ആവശ്യം. പതിനഞ്ചു മാസത്തിനിടെ ഏഴാം തവണയാണ് അഴിമതിക്കെതിരെ ഹസാരെ സംഘം സമരം നടത്തുന്നത്.
ഒപ്പം വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരായ അഴിമതി കേസുകളും ഈ സംഘത്തിന് വിടണമെന്നും എംപിമാര്‍ക്കെതിരായ അഴിമതിക്കേസുകള്‍ അതിവേഗ കോടതി വഴി തീര്‍പ്പാക്കണമെന്നും ഹസാരെ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ലോക്പാല്‍ ബില്ല് പാസാക്കത്തതെന്ന് ഹസാരെ സംഘാംഗം അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍മൂലമാണ് ഹസാരെ ആദ്യ നാലു ദിവസം നിരാഹാരത്തില്‍നിന്ന് വിട്ടു നില്‍ക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു. രാവിലെ ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സംഘാഗങ്ങള്‍ ജന്തര്‍മന്തറിലെ സമരവേദിയില്‍ എത്തിയത്. സമരത്തിനു മുന്നോടിയായി ഡല്‍ഹിയില്‍ ഒരു മാസം നീളുന്ന പ്രചാരണ പരിപാടികള്‍സംഘടിപ്പിച്ചിരുന്നു.
Discussion about this post