മലപ്പുറം: സംസ്ഥാനത്തു ഭൂരഹിതരായവര്‍ക്കെല്ലാം ഭൂമി നല്‍കുമെന്നും എത്ര പേര്‍ക്കു നല്‍കേണ്ടി വരുമെന്നതിന്റെ വിവരം സ്വാതന്ത്യ്രദിനത്തില്‍ പ്രഖ്യാപിക്കുമെന്നും റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. മലപ്പുറത്തു ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂന്നു സെന്റ് ഭൂമിയെങ്കിലും ഭൂരഹിതര്‍ക്കു നല്‍കാനാണു സര്‍ക്കാരിന്റെ തീരുമാനം. 2015 ആകുമ്പോഴേക്കും എല്ലാവര്‍ക്കും ഭൂമി നല്‍കുകയെന്നതാണു ലക്ഷ്യം. ഭൂരഹിതരുടെ കാര്യത്തില്‍ കേരളം ഇന്ത്യക്കു മാതൃകയാകും.
ഭൂമി സംബന്ധമായ കേസുകളില്‍ സര്‍ക്കാര്‍ തോറ്റുകൊടുക്കുന്നുവെന്ന വാദം ശരിയല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും സ്മാര്‍ട്ട് വില്ലേജ് ഓഫീസ് സ്ഥാപിക്കും. പുതുതായി 30 വില്ലേജുകളും നിലവില്‍ വരും. ഇതില്‍ മൂന്നെണ്ണം മലപ്പുറം ജില്ലയിലാണ്. മൂത്തേടം, പോത്തുകല്‍, അരീക്കോട് എന്നിവിടങ്ങളിലായിരിക്കുമിത്. ഓരോ ജില്ലയിലും ഓരോ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ തുടങ്ങേണ്ടതിനാല്‍ ഇതിനുള്ള ഓഫീസ് ഏതെന്നു തെരഞ്ഞെടുക്കണം. ഇവിടങ്ങളില്‍ ക്രമീകരണം നടത്തുകയും വേണം. കേന്ദ്ര സര്‍ക്കാരിന്റെ സഹായം കൂടി സ്വീകരിച്ചു മെച്ചപ്പെട്ട രീതിയില്‍ പദ്ധതി നടപ്പാക്കാനാണു സര്‍ക്കാര്‍ തീരുമാനം. വില്ലേജ് ഓഫീസുകളിലെ സേവനം ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ രീതിയിലാക്കും. ഇതിനായി സേവനങ്ങള്‍ വേണ്ട രീതിയില്‍ ലഭിക്കുന്നുണ്േടായെന്നും കാലതാമസമില്ലാതെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്േടായെന്നും പരിശോധിക്കും. ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കാത്ത വിധത്തില്‍ അവരുമായി ചര്‍ച്ച നടത്തി പദ്ധതി നടപ്പിലാക്കി സേവനം മെച്ചപ്പെടുത്തും.
ഭൂരഹിതര്‍ക്കു മുഴുവന്‍ ഭൂമി നല്‍കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ക്ക് 40000 അപേക്ഷകള്‍ നല്‍കിയിരുന്നു. ഈ അപേക്ഷകള്‍ വാങ്ങി 20850 പേര്‍ പൂരിപ്പിച്ചു നല്‍കി. ഇതില്‍ നിന്നും അര്‍ഹരായ 17462 പേരെ കണ്െടത്തിയിട്ടുണ്ട്. ബാക്കിയുള്ള പരിശോധിച്ച് 30 നു മുമ്പു നടപടി സ്വീകരിക്കും. എന്നാല്‍ പട്ടയമേളകള്‍ അവസാനിക്കുന്നില്ലെന്നും 20000 പട്ടയം വിതരണം ചെയ്യാന്‍ തീരുമാനിച്ച സര്‍ക്കാര്‍ അര്‍ഹതപ്പെട്ടവര്‍ക്കു മുഴുവന്‍ ഭൂമി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ആകെ 2296 പേര്‍ക്കാണു പട്ടയം വിതരണം ചെയ്തത്. ഭൂരഹിത കര്‍ഷകതൊഴിലാളികളായ 62 പേര്‍ക്കു മിച്ചഭൂമി അനുവദിച്ചുകൊണ്ടുള്ള പ്രമാണവും നല്‍കി. 2209 പേര്‍ക്കു ജന്മം പതിച്ചു നല്‍കിക്കൊണ്ടുള്ള ക്രയ സര്‍ട്ടിഫിക്കറ്റുകള്‍, നാലു സെന്റ്,ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന 25 പേര്‍ക്കുള്ള പട്ടയം, ദേശീയ കുടുംബസഹായ പദ്ധതി പ്രകാരം 100 പേര്‍ക്കു 100 രൂപ വീതം, ചികില്‍സാ സഹായമായും ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ 21 പേര്‍ക്ക് 10.90 ലക്ഷം രൂപ, പ്രകൃതിക്ഷോഭ ദുരിതാശ്വാസഫണ്ടില്‍ നിന്നുള്ള ധനസഹായമായി അഞ്ചു ലക്ഷം എന്നിങ്ങനെയുള്ള സഹായവും ചടങ്ങില്‍ വിതരണം ചെയ്തു. കേന്ദ്രമന്ത്രി മന്ത്രി ഇ. അഹമ്മദ് ദേശീയ കുടുംബസഹായ പദ്ധതിയില്‍ നിന്നുള്ള ധനസഹായം വിതരണം ചെയ്തു.
Discussion about this post