കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകനെതിരേ ഇതുവരെ പോലീസില്‍ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജയരാജന്റെ മകന്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. കണ്ണൂര്‍ ഗസ്റ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. ഒരു സംഭവുമായി ബന്ധപ്പെട്ട് എംഎല്‍എയെ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നതില്‍ തെറ്റൊന്നുമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് ടി.വി. രാജേഷ് എംഎല്‍എ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചതു ശരിയായ രീതിയല്ലെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും മന്ത്രി പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിനു പ്രത്യേക വിചാരണ കോടതി വേണമോ എന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കും.
കേസുമായി ബന്ധപ്പെട്ട കുറ്റപത്രം സമര്‍പ്പിച്ച ശേഷം തുടര്‍നടപടികളുടെ പ്രാധാന്യമനുസരിച്ചായിരിക്കും തീരുമാനമെടുക്കുക. രാഷ്ട്രീയവും നിയമവും കൂട്ടിക്കലര്‍ത്തുന്നതു യുഡിഎഫ് നയമല്ല. രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും നിയമം അതിന്റേതായ വഴിക്കും മുന്നോട്ടുപോകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Discussion about this post