ശബരിമല: നിറപുത്തരിക്കായി ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്നു വൈകുന്നേരം 5.30ന് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠര് മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍. ബാലമുരളി നട തുറക്കും. ഇന്നു പ്രത്യേക പൂജകളൊന്നുമില്ല. നാളെ പുലര്‍ച്ചെ 5.30നും ആറിനും മധ്യേയാണ് നിറപുത്തരി ചടങ്ങുകള്‍ നടക്കുന്നത്.
അയ്യപ്പന്റെ ശ്രീകോവിലില്‍ പൂജിച്ച ആദ്യ നെല്‍ക്കതിരുകള്‍ തന്ത്രിയും മേല്‍ശാന്തിയും ഭക്തജനങ്ങള്‍ക്കു നല്കും. ആചാരാനുഷ്ഠാനത്തോടെ ഏറ്റുവാങ്ങുന്ന നെല്‍ക്കതിരുകള്‍ വീടുകളില്‍ കൊണ്ടുപോയി ഒരു വര്‍ഷം സൂക്ഷിക്കും. നാളെ രാത്രി പത്തിനു ക്ഷേത്ര നട അടയ്ക്കും.
കഴിഞ്ഞ ഒരു വര്‍ഷത്തെ താന്ത്രിക കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച് തന്ത്രി കണ്ഠര് മഹേശ്വരര് ഇന്നു മലയിറങ്ങും. ചിങ്ങമാസ പൂജ പൂര്‍ത്തീകരിച്ച് 21നു രാത്രി പത്തിനു ക്ഷേത്രനട അടയ്ക്കും. ഓണ പൂജകള്‍ക്കായി 27നു രാത്രി നട തുറന്ന് 31നു വീണ്ടും അടയ്ക്കും.
ചിങ്ങമാസത്തിലെ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട 16നു വൈകുന്നേരം തുറക്കും. 17 മുതല്‍ അടുത്ത ഒരു വര്‍ഷക്കാലത്തെ ക്ഷേത്ര തന്ത്രിയായി കണ്ഠര് രാജീവര് ചുമതലയേല്‍ക്കും. അതേസമയം ശബരിമല തീര്‍ഥാടനമാരംഭിക്കുന്നതിനു മുന്നോടിയായി നടത്തേണ്ട ഒരുക്കങ്ങള്‍ നേരിട്ടു വിലയിരുത്തുന്നതിന് സംസ്ഥാന ചീഫ് സെക്രട്ടറിയും ദേവസ്വം ചീഫ് കമ്മീഷണറുമായ കെ.ജയകുമാര്‍ ഇന്ന് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 9.30ന് ചീഫ് സെക്രട്ടറി നിലയ്ക്കല്‍ എത്തും.
Discussion about this post