ന്യൂഡല്‍ഹി: വിവാദ പോലീസുദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരി ഡല്‍ഹിയില്‍ രഹസ്യമായെത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിശദീകരണം നല്‍കി. ചൊവ്വാഴ്ച വൈകിട്ടാണ് തച്ചങ്കരി വിശദീകരണം നല്‍കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള, തനിക്കു നോട്ടീസയച്ച ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി നടരാജന്‍ എന്നിവരെ നേരില്‍ക്കണ്ടാണ് തച്ചങ്കരി വിശദീകരണം നല്‍കിയത്. രണ്ടു പേരുമായുമുള്ള കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടു നിന്നു.
വൈകിട്ട് നാലിനാണ് തച്ചങ്കരി ആഭ്യന്തര മന്ത്രാലയം ഓഫീസിലെത്തിയത്. രണ്ടു മണിക്കൂര്‍ കാത്തു നിന്ന ശേഷമാണ് ജി.കെ. പിള്ളയെയും നടരാജനെയും കാണാന്‍ അനുമതി ലഭിച്ചത്. കൂടിക്കാഴ്ചയ്ക്കു ശേഷം പെട്ടെന്ന് മന്ത്രാലയത്തില്‍ നിന്നു പോവുകയും ചെയ്തു. തച്ചങ്കരിയുടെ വിശദീകരണം ലഭിച്ചതായും പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ തച്ചങ്കരിയെ മന്ത്രാലയം വിളിപ്പിച്ചിട്ടില്ല. അദ്ദേഹം ഇങ്ങോട്ടു സമീപിച്ചു വിശദീകരണം നല്‍കുകയായിരുന്നു.
അതിരഹസ്യമായിരുന്നു തച്ചങ്കരിയുടെ ഡല്‍ഹി സന്ദര്‍ശനം. സാധാരണനിലയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ ഡല്‍ഹിയിലെത്തിയാല്‍ കേരള ഹൗസിലാണ് താമസിക്കാറുള്ളത്. എന്നാല്‍ ഡല്‍ഹിയിലെ അജ്ഞാതകേന്ദ്രത്തിലായിരുന്നു ചൊവ്വാഴ്ച തച്ചങ്കരിയുടെ താമസം. തച്ചങ്കരിയുടെ ഡല്‍ഹി സന്ദര്‍ശനത്തെക്കുറിച്ച് ഡല്‍ഹിയിലുള്ള കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മുന്‍കൂട്ടി വിവരമൊന്നും ലഭിച്ചില്ല.
Discussion about this post