കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രണ്ടാം റെയില്‍വേ ഗെയിറ്റിന് സമീപത്തുള്ള റഹ്മത്ത് ഹോട്ടലിനു പിന്നിലുള്ള മേഘാ ഹോം അപ്ളയന്‍സിന്റെ ഗോഡൌണില്‍ പുലര്‍ച്ച 1.45ഓടെയാണ് അഗ്നിബാധയുണ്ടായത്. രണ്ട് കടകള്‍ പൂര്‍ണമായും മൂന്ന് കടകള്‍ ഭാഗികമായും അഗ്നിക്കിരയായി. റഹ്മത്ത് ഹോട്ടലിന്റെ അടുക്കളയിലേക്ക് തീ പടര്‍ന്നതിനാലും ഓടുമേഞ്ഞ കെട്ടിടങ്ങളുമായതിനാല്‍ തീ വളരെ വേഗത്തില്‍ വ്യാപിക്കയായിരുന്നു. പത്തോളം കടകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. മേഘാ ഹോം അപ്ളയന്‍സ് ഗോഡൌണും അതിന്റെ മുകളിലെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മസാക്ക ഇന്റീരിയര്‍ ഡിസൈനറുമാണ് പൂര്‍ണമായും കത്തിയത്. തൊട്ടടുത്തുള്ള റഹ്മത്ത് ഹോട്ടലും രാജാ ഹെയര്‍ കട്ടിംഗ് സലൂണും ലീനസ് ഡ്രെസ്സസും ഭാഗികമായി കത്തി. ഷോര്‍ട്ട്സര്‍ക്യൂട്ടായിരിക്കാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
റഹ്മത്ത് ഹോട്ടലിന്റെ അടുക്കളയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് മേഘ ഹോം അപ്ളയന്‍സിന്റെ ഗോഡൌണ്‍ പ്രവര്‍ത്തിച്ചിരുന്നത്. റഹ്മത്ത് ഹോട്ടലില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഓട്ടോ തൊഴിലാളികളും പ്രദേശത്തുണ്ടായവരും ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ സര്‍വീസ് യൂണിറ്റുകള്‍ എത്തുകയായിരുന്നു. മേഘാ ഹോം അപ്ളയന്‍സിന്റെ ഗോഡൌണിലുണ്ടായിരുന്ന ഫൈബര്‍ ഉല്‍പ്പന്നങ്ങള്‍, പ്രഷര്‍ കുക്കറുകള്‍, പ്ളേയ്റ്റുകള്‍ എന്നിവയെല്ലാം പൂര്‍ണ്ണമായും അഗ്നിക്കിരയായി. മസാക്ക ഇന്റീരിയര്‍ ഡിസൈനറിലുണ്ടായിരുന്ന സാധനങ്ങളും കത്തി നശിച്ചു. ഏഴ് മണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്. മിഞ്ചന്ത, ബീച്ച്, വെള്ളിമാട്കുന്ന്, വടകര യൂണിറ്റുകള്‍ക്കു പുറമെ മലപ്പുറത്തു നിന്നുള്ള ഫയര്‍ യൂണിറ്റും എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ യൂണിറ്റും തീയണയ്ക്കുന്നതിനായി സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 10 ന് കോഴിക്കോട് പാളയം മാര്‍ക്കറ്റിലും ഇത്തരത്തില്‍ അഗ്നിബാധയുണ്ടായിരുന്നു.
Discussion about this post