മുംബൈ: ബ്ലാക്ക്‌ബെറി മൊബൈല്‍ ഫോണുകളുടെ നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍, കീ പാഡും ടച്ച് സ്‌ക്രീനുമുള്ള പുതിയ മോഡല്‍ പുറത്തിറക്കി. ടോര്‍ച്ച് 9800 എന്ന പേരുള്ള പുതിയ സ്‌മാര്‍ട് ഫോണിന് 35000 രൂപയാണു വില. ത്രീ ജി, വൈഫൈ, ജിപിഎസ്, അഞ്ചു മെഗാപിക്‌സല്‍ ക്യാമറ, വിഡിയോ റിക്കോര്‍ഡിങ്, മള്‍ട്ടിമീഡിയ സംവിധാനങ്ങളുള്ളതാണു ഫോണ്‍. സ്‌ലൈഡിങ് രീതിയിലുള്ള ഫോണില്‍ വിഡിയോ കോള്‍ സൗകര്യം ഇല്ല. പരിഷ്‌കരിക്കുമ്പോള്‍ ഈ സംവിധാനം ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ആണു പുതിയ മോഡല്‍ പുറത്തിറക്കിയത്.
ബ്ലാക്ക്‌ബെറി ഫോണുകള്‍ക്കു രാജ്യത്തു നിരോധനം ഏര്‍പ്പെടുത്തുമോ എന്നതു സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കെ തന്നെയാണു കമ്പനി പുതിയ മോഡലുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രശ്‌നങ്ങള്‍ ഉടന്‍ തീര്‍പ്പാക്കാനാകുമെന്നു കമ്പനിയുടെ ഇന്ത്യന്‍ വിഭാഗം എംഡി ഫ്രെന്നി ബാവ പറഞ്ഞു.
Discussion about this post