തിരുവനന്തപുരം: വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ നേരിട്ട് ജീവിത വിജയം നേടുന്നതിന് കുട്ടികളേയും കൗമാരക്കാരേയും പ്രാപ്തരാക്കാന്‍ ഈ രംഗത്തെ സ്ഥാപനങ്ങളും വിദഗ്ധരും പരിശ്രമിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എം.മാണി പറഞ്ഞു. മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുളള ചൈല്‍ഡ് ഡവലപ്പ്‌മെന്റ് സെന്ററിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യവും, കഴിവും, ഉത്തരവാദിത്തവുമുളള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മാതാപിതാക്കള്‍ക്കും നിര്‍ണ്ണായക സ്വാധീനമുണ്ടെന്ന് മന്ത്രി പറഞ്ഞു. നവജാതശിശുക്കളില്‍ ഉണ്ടായേക്കാവുന്ന വൈകല്യങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനും ചികിത്സയിലൂടെയും പരിചരണത്തിലൂടെയും അവപരിഹരിക്കുന്നതിനും സിഡിസി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയമാണ്. ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിനെ ദേശീയതലത്തിലുളള മികവിന്റെ കേന്ദ്രമാക്കുന്നതിനായി സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും ധനകാര്യ മന്ത്രി അറിയിച്ചു.
പ്രൊഫ. ഡി.കെ.ജോണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സിഡിസി ഡയറക്ടര്‍ ഡോ.എം.കെ.സി. നായര്‍, ഡോ.ബാബുജോര്‍ജ്ജ്, ഡോ.ജോര്‍ജ്ജ് എഫ്.മൂലയില്‍, ഡോ.ജി.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിശീലനത്തില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍ക്കായുളള മെഡിക്കല്‍ കിറ്റുകളുടെ വിതരണവും മന്ത്രി കെ.എം.മാണി നിര്‍വ്വഹിച്ചു.
Discussion about this post