അഗളി: അട്ടപ്പാടി നരസിമുക്ക് അസീസി കാരുണ്യാശ്രമത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ പോലീസ്ഒത്താശയോടെ കോടതിയില്‍ കീഴടങ്ങി. ആശ്രമം നടത്തിപ്പുകാരായ എറണാകുളം സ്വദേശികളായ പാട്രിക് ജോര്‍ജ്, ജോസി ജോര്‍ജ് എന്നിവരാണ് ചൊവ്വാഴ്ച 11 മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരായത്.
ബലാത്സംഗശ്രമം, സ്ത്രീപീഡനം എന്നീകുറ്റങ്ങള്‍ ആരോപിക്കപ്പെട്ട ബ്രദര്‍ പാട്രിക് ജോര്‍ജിനെ ജൂലായ് 13 വരെ കോടതി റിമാന്‍ഡ്‌ചെയ്തു. ബ്രദര്‍ ജോസി ജോര്‍ജിന് ജാമ്യംനല്‍കി വിട്ടയച്ചു. പാട്രിക് ജോര്‍ജിനെ പാലക്കാട് സബ്ജയിലിലേക്കയച്ചു. പാട്രിക് ജോര്‍ജിനെതിരെ മൂന്ന് കേസും ജോസി ജോര്‍ജിനെതിരെ രണ്ട് കേസുമാണുള്ളത്. ജൂലായ് 19 ന് പുലര്‍ച്ചെയാണ് അസീസി ആശ്രമത്തിലെ ജീവനക്കാരുടെ പീഡനം സഹിക്കാന്‍കഴിയാതെ അഞ്ച് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പോയ പ്രതികളെ രക്ഷിക്കാന്‍ എറണാകുളത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നീക്കംനടന്നെങ്കിലും സാമൂഹികക്ഷേമബോര്‍ഡിന്റെ ഇടപെടല്‍മൂലം അത് പരാജയപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികള്‍ പോലീസിന് പിടികൊടുക്കാതെ കോടതിയില്‍ കീഴടങ്ങിയത്.
മൂന്നുദിവസമായി പ്രതികള്‍ മണ്ണാര്‍ക്കാട്ട് ഉണ്ടായിരുന്നെന്നും ഇവരെ പിടിക്കാനുള്ള ശ്രമം നടത്താതെ കീഴടങ്ങാന്‍ പോലീസ്തന്നെ സഹായം ചെയ്തുകൊടുക്കുകയായിരുന്നെന്നും ആരോപണമുണ്ട്. എന്നാല്‍, ആശ്രമത്തിലെ മുഖ്യനടത്തിപ്പുകാരനെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കാന്‍ ഇനിയും പോലീസ് തയ്യാറായിട്ടില്ല. ഇയാള്‍ക്കെതിരെ പെണ്‍കുട്ടികള്‍ മൊഴിനല്‍കിയിട്ടും അത് രേഖപ്പെടുത്താനും പോലീസ് തയ്യാറായിട്ടില്ലെന്നാരോപണവുമുണ്ട്. പ്രതികള്‍ക്കെതിരെ ജാമ്യംകിട്ടുന്ന രീതിയിലുള്ള വകുപ്പുകളാണ് പോലീസെടുത്തിട്ടുള്ളത്.
മണ്ണാര്‍ക്കാട്ടെ ഒരു പ്രമുഖ അഭിഭാഷകന്‍മുഖേനയാണ് പ്രതികള്‍ കോടതിയിലെത്തിയത്. കോടതിമുമ്പാകെ കീഴടങ്ങിയ ഇരുവരുടെയും വിലാസങ്ങള്‍ അഗളി നരസിമുക്ക് രക്ഷാവില്ലയിലെ പാട്രിക് ബ്രദര്‍, ജോസി ബ്രദര്‍ എന്നാണ്. അതേസമയം, ഇവരുടെ വ്യക്തമായ മേല്‍വിലാസം ബന്ധപ്പെട്ടവര്‍ പുറത്തുവിട്ടിട്ടില്ല. ഇത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന സൂചന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനിടെ, കേസ് ലഘൂകരിക്കാനുള്ള ശ്രമത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രംഗത്തുവന്നിട്ടുണ്ട്.
സര്‍ക്കാരിന്റെ അനുമതികൂടാതെ നരസിമുക്കില്‍ കുട്ടികളെ പാര്‍പ്പിച്ചതിനെതിരെയും കേസ് എടുത്തിട്ടില്ല. ആശ്രമത്തിലെ 18 വയസ്സില്‍താഴെയുള്ള 7 പെണ്‍കുട്ടികളെയും 11 ആണ്‍കുട്ടികളെയും ശിശുക്ഷേമ സമിതി മുട്ടിക്കുളങ്ങരയിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റിയിരുന്നു. ബാക്കിയുള്ള ഇരുപതോളംപേരെ ഇവിടെനിന്നുമാറ്റാന്‍ സാമൂഹികക്ഷേമബോര്‍ഡ് ഉടന്‍തന്നെ നടപടിയെടുക്കുമെന്നാണ് സൂചന.
Discussion about this post