ബാലസോര്‍: ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ അഗ്നി 2 വിജയകരമായി പരീക്ഷിച്ചു. രണ്ടായിരം കിലോമീറ്റര്‍ അകലെ വരെ എത്താന്‍ ശേഷിയുള്ള ഭൂതല ബാലിസ്റ്റിക് മിസൈല്‍ ഒഡീഷ തീരത്തെ വീലര്‍ ദ്വീപില്‍ നിന്നാണ് വിക്ഷേപിച്ചത്. 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുള്ള മിസൈലിന് 1000 കിലോ ഗ്രാം വരെ അണ്വായുധ വഹിക്കാന്‍ കഴിയും.
എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചതിനാല്‍ ദൗത്യം പരിപൂര്‍ണ വിജയമാണെന്നു ഡിആര്‍ഡിഒ മേധാവി വി.കെ. സാരസ്വത് അറിയിച്ചു. ലക്ഷ്യസ്ഥാനം നിരീക്ഷിക്കുന്നതിനായും പ്രഹരശേഷി മനസിലാക്കുന്നതിനും രണ്ടു കപ്പലുകള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. പ്രതിരോധമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവു കൂടിയായ സാരസ്വത് അടക്കം ശാസ്ത്രജ്ഞരും ഉന്നത സൈനിക ഉദ്യോഗസ്ഥരും വിക്ഷേപണത്തിനു സാക്ഷ്യം വഹിച്ചു. അഗ്നി പരമ്പരയിലെ മിസൈലുകളുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. അഗ്നി-2 കരസേനയുടെ ആയുധശേഖരത്തിലേക്കുള്ള പുതിയ മുതല്‍കൂട്ടായിരിക്കും.
Discussion about this post