കൊച്ചി: കൊച്ചി ആഴക്കടലില്‍ എണ്ണ കണ്ടെത്താന്‍ കഴിയുമെന്ന് എണ്ണ-പ്രകൃതി വാതക കമ്മീഷന് ശുഭപ്രതീക്ഷ. കൊച്ചിയില്‍നിന്ന് ശേഖരിച്ച സാമ്പിളുകളുടെ അവസാനഘട്ട വിദഗ്ദ്ധ പരിശോധന അതിനുള്ള വ്യക്തമായ സൂചന നല്‍കുന്നുവെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.
കൊച്ചി-കൊങ്കണ്‍ തീരത്ത് എണ്ണക്കിണറുകള്‍ കുഴിക്കാന്‍ അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ ആഗോള ടെന്‍ഡര്‍ വിളിക്കാനാണ് നടപടി. തുടര്‍ന്ന് ആറ് മാസത്തിനുള്ളില്‍ ചുരുങ്ങിയത് രണ്ടിടങ്ങളിലെങ്കിലും എണ്ണക്കിണര്‍ കുഴിക്കും. കൊച്ചി-കൊങ്കണ്‍ തീരത്തെ നാല് ബ്ലോക്കുകളായി തിരിച്ചിട്ടുള്ളത് കേന്ദ്ര പെട്രോളിയം മന്ത്രി വെള്ളിയാഴ്ച ഡല്‍ഹിയില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. എണ്ണ പര്യവേക്ഷണത്തിന് പുതിയ കേന്ദ്ര നയവുമുണ്ട്. കൊച്ചി ആഴക്കടലില്‍ കഴിഞ്ഞവര്‍ഷം ആഗസ്ത് രണ്ടിന് പര്യവേക്ഷണം തുടങ്ങിയിരുന്നു. ഇത് 130 ദിവസം നീണ്ടുനിന്നു. ഡിസംബറില്‍ പര്യവേക്ഷണം അവസാനിപ്പിക്കുകയും ചെയ്തു.
കൊച്ചിയില്‍ നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെ 6000 മീറ്ററോളം സമുദ്രത്തില്‍ കുഴിച്ചു. അതില്‍നിന്നും കിട്ടിയ സാമ്പിളുകള്‍ വിശദമായി മുംബൈയിലെ ലബോറട്ടറിയില്‍ പരിശോധിച്ചു. എണ്ണ കണ്ടെത്താനുള്ള സാധ്യത കൊച്ചി ആഴക്കടലില്‍ ഉണ്ടെന്നാണ് രാസപരിശോധനാ ഫലങ്ങള്‍ വ്യക്തമായി സൂചിപ്പിക്കുന്നതെന്ന് എണ്ണ-പ്രകൃതി വാതക കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. 1977-ലാണ് കൊച്ചി തീരത്ത് എണ്ണ പര്യവേക്ഷണം ആദ്യം തുടങ്ങിയത്. ഫലം നിരാശാജനകമായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലായി കേരള-കൊങ്കണ്‍ തീരത്ത് 12 എണ്ണക്കിണറുകള്‍ കുഴിച്ചിരുന്നു. വിദഗ്ദ്ധ പരിശോധനാഫലങ്ങളില്‍ നിന്നും 2008-ലാണ് എണ്ണയുടെ സാധ്യതയെക്കുറിച്ച് പ്രതീക്ഷാനിര്‍ഭരമായ സൂചനകള്‍ ലഭിച്ചതെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. അതനുസരിച്ചാണ് കഴിഞ്ഞവര്‍ഷം ആഗസ്ത് 2ന് എണ്ണക്കിണര്‍ വീണ്ടും കുഴിച്ചത്. പ്രതിദിനം ചെലവ് 4 കോടി രൂപയായിരുന്നു. ചെലവ് ഇനത്തില്‍ 130 ദിവസത്തേക്ക് 800 കോടി രൂപ മൊത്തം ചെലവായിട്ടുണ്ട്. പരിശോധനാ ഫലങ്ങള്‍ ആദ്യഘട്ടത്തില്‍ പ്രതീക്ഷയ്ക്ക് വകനല്‍കിയില്ലെങ്കിലും തുടര്‍ന്നുള്ള പരിശോധനകള്‍ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ കൊച്ചി ആഴക്കടലില്‍ വീണ്ടും എണ്ണക്കിണര്‍ കുഴിക്കണമെന്നാണ് നിര്‍ദേശിക്കുന്നത്. അതനുസരിച്ചാണ് ശ്രമങ്ങള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത്.
Discussion about this post