കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജന്റെ ജാമ്യാപേക്ഷയും ടി.വി. രാജേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ തള്ളുന്നതെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. കേസിലെ മുപ്പത്തിയെട്ടും മുപ്പത്തിയൊന്‍പതും പ്രതികളാണ് ഇരുവരും.
ജയരാജന്റെ അറസ്റ്റിന് ശേഷം കണ്ണൂരിലുണ്ടായ അക്രമം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സംഘര്‍ഷങ്ങളെയും കലാപങ്ങളെയും കണ്ടില്ലെന്ന് നടിക്കാനാകില്ല. അങ്ങനെയായാല്‍ നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടും. വ്യക്തിയുടെ താല്‍പര്യത്തെക്കാള്‍ സമൂഹത്തിന്റെ താല്‍പര്യത്തിന് മാത്രമേ പരിഗണന നല്‍കാനാകൂവെന്നും കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷയിലെ പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കോടതി പൂര്‍ണമായി തള്ളി. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ജയരാജന്റെ പങ്ക് വ്യക്തമല്ലെന്ന വാദവും അറസ്റ്റ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന വാദവും അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
താലിബാന്‍ മോഡല്‍ കൊലപാതകമാണ് നടന്നതെന്നുള്‍പ്പെടെയുള്ള വാദങ്ങളായിരുന്നു ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിക്ക് മുന്‍പാകെ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ഇരുവര്‍ക്കുമുള്ള രാഷ്ട്രീയ സ്വാധീനവും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാഗങ്ങളാണ് കോടതി പ്രധാനമായും പരിഗണിച്ചത്. 203-ാമത്തെയും 204-ാമത്തെയും കേസുകളായിട്ടാണ് രണ്ട് ജാമ്യാപേക്ഷകളും കോടതി പരിഗണിച്ചത്. കേസില്‍ ജയരാജന്‍ അറസ്റ്റിലായതോടെയാണ് ടി.വി. രാജേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
ജയരാജന്റെ ജാമ്യാപേക്ഷ കേസ് വിചാരണ ചെയ്യുന്ന കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഷുക്കൂറിന്റെ കൊലപാതക വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും മറച്ചുവെച്ചുവെച്ചതിന് ഐപിസി 118-ാം വകുപ്പുപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. തളിപ്പറമ്പ് അരിയില്‍ സിപിഎം-ലീഗ് സംഘര്‍ഷത്തിനിടെയാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്.
സ്ഥലത്തെത്തിയ ജയരാജനും രാജേഷും സഞ്ചരിച്ച വാഹനം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഷുക്കൂര്‍ കൊല്ലപ്പെടുന്നത്.
Discussion about this post