കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം നേതാക്കള്‍ അടക്കം 76 പേരെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ.വി. സന്തോഷാണ് വടകര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സംഘാംഗങ്ങളായ എ.പി. ഷൗക്കത്തലി, എം.ജെ. സോജന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ടി.പി. ചന്ദ്രശേഖരനെ കൊല്ലാനായി അക്രമി സംഘം ഉപയോഗിച്ച ഇന്നോവ കാറിന്റെ ഡ്രൈവര്‍ എം.സി. അനൂപാണ് ഒന്നാം പ്രതി. കൊലയാളി സംഘത്തിലെ കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. എന്ന ടി.കെ. രജീഷ്, കെ.കെ. മുഹമ്മദ് ഷാഫി, സിജിത്ത്, കെ. ഷിനോജ് എന്നിവരാണ് രണ്ടു മുതല്‍ ഏഴു വരെ പ്രതികള്‍.
എട്ടാം പ്രതി കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രനും ഒന്‍പതാം പ്രതി ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകനും പത്താം പ്രതി ഒഞ്ചിയം ഏരിയാ അംഗം കെ.കെ. കൃഷ്ണനും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍ പത്താമനും കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്‍ പതിനാലാമനുമാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജന്‍ ഇരുപത്തിയാറാം പ്രതിയാണ്. സിപിഎം സംസ്ഥാന സമിതി അംഗം കെ.കെ. രാഗേഷ് അടക്കം ഒട്ടേറെ സിപിഎം നേതാക്കളെ പ്രതി ചേര്‍ത്തിട്ടുണ്ട്.
102 ദിവസം കൊണ്ട് തയ്യാറാക്കിയ ആയിരത്തിലധികം പേരുള്ള കുറ്റപത്രത്തില്‍ 285 സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post