ന്യൂഡല്‍ഹി: രാജ്യത്ത് കാണാതായ കുട്ടികളെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. ജസ്റ്റീസ് അഫ്താബ് ആലം അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ നിര്‍ദേശം. രാജ്യത്ത് 55,000 ത്തോളം കുട്ടികളെ കാണാതായിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ കുട്ടികളെ കണ്ടെത്തുന്നതില്‍ പോലീസ് സംവിധാനം പരാജയപ്പെട്ടു.
നിഷ്‌കളങ്കരായ കുട്ടികളുടെ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കുകയാണ് ഇതിലൂടെയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതിന്റെ ഫലമായി ഈ കുട്ടികളുടെ ജീവിതം തന്നെ അവസാനിച്ചിരിക്കാമെന്നും ഇവരില്‍ പലരും അംഗഭംഗം വരുത്തി ഭിക്ഷാടനമാഫിയയുടെ കൈകളിലും മാംസവ്യാപാരത്തിലും എത്തിപ്പെടുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകയായ സാര്‍വ മിത്രയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
Discussion about this post