ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.
സാമാന്യചിന്തയില്‍ സര്‍വശരീരങ്ങളും പഞ്ചഭൂതാത്മകങ്ങളാണ്. അവയ്ക്ക് സത്വം-രജസ്സ്-തമസ്സ് എന്നീ ഗുണങ്ങളുടെ (ത്രിഗുണങ്ങളുടെ) സ്വഭാവമുണ്ടായിരിക്കും. ഇവയ്ക്ക് ആനുപാതിക ക്രമമനുസരിച്ചുള്ള വ്യത്യാസവും അനുഭവപ്പെടും. ഇങ്ങനെയുള്ള ശരീരങ്ങള്‍ക്കെല്ലാം രൂപം,ഗുണം,സ്വഭാവം എന്നീ പരിമിതികളുണ്ട്. എന്നാല്‍ മഹാമനീക്ഷികളുടെ സ്വരൂപത്തിനും സ്വഭാവത്തിനും പരിമിതികള്‍ ലംഘിച്ചുകൊണ്ടുള്ള വ്യാപ്തിയുണ്ട്. ഗുരുശരീരം സങ്കല്പമാത്രേണ സൂക്ഷ്മതലങ്ങളിലേക്ക് വ്യാപരിക്കുന്നതാണ്. അവരുടെ സ്ഥൂലശരീരത്തിനുപോലും സാധാരണകാണാറുള്ള ഭൂതാംശപരിമിതികളെ അതിലംഘിക്കുവാന്‍ കഴിയും. സിദ്ധിവൈഭവങ്ങളെ വിശദീകരിച്ചപ്പോള്‍ ഇത്തരം കാര്യങ്ങള്‍ വിസ്തരിച്ച് പ്രസ്താവിച്ചിട്ടുണ്ട്.
സ്ഥൂലസൂക്ഷ്മകാരണശരീരങ്ങളെ അതിജീവിച്ച് നില്ക്കുന്ന ചൈതന്യസ്വഭാവമാണ് ഗുരുക്കന്മാരുടെ ചൈതന്യത്തെ സംബന്ധിച്ച് സ്വഭാവമായിട്ടുള്ളത്. സ്വതന്ത്രമായി ബ്രഹ്മാണ്ഡങ്ങളെസൃഷ്ടിച്ചും ലയിപ്പിച്ചും അതിനുള്ളില്‍സ്ഥിതിചെയ്യുന്ന ചൈതന്യസ്വരൂപമായി നിലനില്‍ക്കുന്ന ഗുരുശരീരത്തിന്റെ വ്യാപ്തി ഭൗതികസൃഷ്ടിയിലൂടെ ദൃശ്യമാകുന്നതല്ല. ബുദ്ധിക്കും മനസ്സിനും കണ്ടറിയുവാനുള്ള സ്ഥൂലസ്വഭാവും അതിനില്ല. പ്രപഞ്ചത്തിന്റെ സൃഷ്ടിക്രമരഹസ്യവും വിവിധതരം ശരീരക്രമങ്ങളും മനസ്സിലാക്കുന്നത് ഗുരുശരീരത്തെപ്പറ്റി അറിയുന്നതിനും അതിന്റെ വ്യാപനസ്വഭാവത്തെ ഗ്രഹിക്കുന്നതിനും പ്രയോജനപ്പെടുന്നതാണ്.
പ്രജ്ഞാഭൂമികളെ അറിയുവാനുള്ള തത്ത്വബോധത്തിലൂടെ മാത്രമേ ഗുരുശരീരവ്യാപ്തിയും സ്വഭാവവും മനസ്സിലാക്കുവാനേ കഴിയുകയുള്ളു. നിര്‍ഗുണത്വം കൊണ്ട് അവ്യക്തമെന്നുതോന്നുന്ന ബ്രഹ്മവിദ്യ, ഗുരുസങ്കല്പത്തിലൂടെ ഗ്രഹിക്കുന്നതിന് പ്രാപ്തമായ രീതിയിലുള്ള വാക്യങ്ങളാണ് പരിശീലനഘട്ടത്തില്‍ തത്ത്വദര്‍ശനത്തിനുള്ള മാര്‍ഗം വ്യക്തമാക്കുന്നത്. വളരെയേറെ സംക്ഷിപ്തങ്ങളാണവ. എന്നാല്‍ അര്‍ത്ഥ ബാഹുല്യം ശക്തമാണ്.
സാധനാകാലഘട്ടത്തിലെ ഗുരുനിര്‍ദേശം
സൂക്ഷ്മദര്‍ശനത്തിനുള്ള ജീവാത്മാവിന്റെ അനുസ്യൂതപ്രവര്‍ത്തനം പ്രായോഗികമാക്കുവാനും ഫലിപ്പിക്കുവാനും ഗുരുസങ്കല്പം അത്യന്താപേക്ഷിതമാണ്. ചിത്തവൃത്തികളെ നിയന്ത്രിക്കുന്നതിനുള്ള സാഹസിക പ്രയത്‌നം പ്രായോഗികമാക്കുമ്പോള്‍ ഗുരു നല്കുന്ന നിര്‍ദേശങ്ങള്‍ അത്യന്തം പ്രയോജനകരങ്ങളാണ്. പ്രജ്ഞയെ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണിവിടെ തുടരുന്നത്. വിവിധശരീരങ്ങളെ മാധ്യമമാക്കിയുള്ള പുരോഗതിയാണതിലൂടെ നേടേണ്ടത്. സ്ഥൂലസൂക്ഷ്മകാരണശരീരങ്ങളില്‍ മനുഷ്യന്റെ ‘അഹം’ ബുദ്ധി നിക്ഷിപ്തമായിരിക്കുന്നു. എന്നാലിവയെ ഏകീകരിച്ചുകൊണ്ടുവേണം അദ്യാത്മപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കേണ്ടത്.
പ്രപഞ്ചഘടനയാകമാനമറിയുവാനും അതിനോടുബന്ധപ്പെടുന്ന സ്ഥൂലശരീരപ്രജ്ഞയെ ഉത്തരശരീരങ്ങളിലേക്ക് വ്യാപരിപ്പിക്കുവാനും പരിശീലകന് കഴിയേണ്ടതാണ്. പ്രസ്തുതപ്രയത്‌നത്തില്‍ വഴിമുട്ടിനില്‍ക്കുന്ന സമയങ്ങളുണ്ടാകും. ഗുരുവിന്റെ സഹായം അത്തരം രംഗങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നു. സാധാരണഗതിയില്‍ മൂന്നു ശരീരങ്ങളില്‍ (സ്ഥൂലം,സൂക്ഷ്മം,കാരണം) പ്രവര്‍ത്തിക്കുന്ന ജീവാത്മാവിന് ക്ഷരപുരഷനെന്ന് നാമധേയമുണ്ട്. ”വ്യാവഹാരിക” നെന്നും പൂര്‍വമനീഷികള്‍ ഇതിന് പേരുകല്പിച്ചിട്ടുണ്ട്. ജന്മങ്ങളിലൂടെയുള്ള ആവര്‍ത്തനപ്രത്യാവര്‍ത്തനങ്ങള്‍ ഇതുമൂലം സംഭവിക്കുന്നു.
സ്ഥൂലശരീരത്തില്‍ നിന്നാരംഭിച്ച് വിഷയാസക്തമാകുന്ന ജീവാത്മാവിനെ പ്രജ്ഞാശരീരത്തോടുയോജിച്ച് ഇന്ദ്രിയങ്ങളില്‍ നിന്ന് നിവര്‍ത്തിപ്പിക്കേണ്ടത് ഒരു സാധകന് അത്യന്താപേക്ഷിതമാണ്. ഇതിനുള്ള സങ്കല്പങ്ങളും പ്രയത്‌നങ്ങളും ഗുരുവില്‍നിന്നാണ് ലഭിക്കുന്നത്. സ്ഥൂലശരീര പ്രജ്ഞയില്‍നിന്നും ”പ്രതിഭാസിക” ശരീരത്തിലേക്കുള്ള പുരോഗതി ജീവാത്മാവിനു നേടേണ്ടതായിട്ടുണ്ട്. ഗുരുവിന്റെ സങ്കല്പവും നിര്‍ദേശവും ഇതിന് അത്യന്തം സഹായകമാകുന്നു. പലതരത്തിലുള്ള അഭ്യാസക്രമങ്ങള്‍ ഗുരുക്കന്മാര്‍ ഇതിനു സ്വീകരിക്കുന്നുണ്ട്. സേച്ഛാനുസരണം തിരഞ്ഞെടുക്കപ്പെടുന്ന മാര്‍ഗങ്ങള്‍ ഗുരുവിനു സ്വീകരിക്കാവുന്നതാണ്. താത്ത്വികമായ അധ്യാത്മപഠനത്തെക്കാള്‍ പ്രായോഗികമായ അധ്യാത്മപരിശീലനമാണ് അനുഭവഗുണത്തിന് പ്രയോജകീഭവിക്കുന്നത്.
സ്ഥൂലശരീരങ്ങളില്‍ വ്യാപരിക്കുന്ന ജീവന് ഇന്ദ്രിയങ്ങള്‍,തുറന്നിടപ്പെട്ട വാതിലുകളാണ്. ഇന്ദ്രിയങ്ങളിലൂടെ പ്രപഞ്ചശരീരവുമായി ബന്ധപ്പെട്ടാണ് ജീവന്‍ സുഖാന്വേഷണം നടത്തുന്നത്. സാധാരണഗതിയില്‍ വസ്തുഗുണങ്ങളോടു ബന്ധപ്പെടുന്ന ജീവന്‍ വിഷയാസക്തമായി ബന്ധമാകുകയാണ് ചെയ്യുന്നത്. എന്നാല്‍ ഗുരുസങ്കല്പത്തില്‍ നിര്‍വഹിക്കപ്പെടുന്ന ബാഹ്യകര്‍മ്മങ്ങള്‍ക്ക് ഈ അനുഭവം ഉണ്ടാകുന്നില്ല. അതിനു കാരണമുണ്ട്. നേരത്തെ പറഞ്ഞ ജീവാത്മസങ്കല്പത്തില്‍ ജീവന് വിഷയങ്ങളോടാണ് നേരിട്ടുള്ള ബന്ധം.
ഇന്ദ്രിയങ്ങള്‍ മാധ്യമങ്ങളുമാണ്. എന്നാല്‍ ഗുരുസങ്കല്പത്തോടുകൂടിയ ബാഹ്യപ്രവൃത്തികളില്‍ കേന്ദ്ര ബിന്ദുവായിരിക്കുന്നത് ഗുരുസങ്കല്പമാണ്. ഗുരുവിനെ കേന്ദ്രീകരിച്ച് ചെയ്യേണ്ടിവരുന്ന എല്ലാബാഹ്യകര്‍മ്മങ്ങളും സാധകന് ഭോഗഗുണത്തെയല്ല നല്കുന്നത്, മറിച്ച് ത്യാഗഗുണത്തെയാണ്. ചെയ്യുന്ന കര്‍മങ്ങളുടെ സങ്കല്പവും ഫലവും ഗുരുവിനെ കേന്ദ്രീകരിച്ചിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇവിടെ ബാഹ്യകര്‍മ്മങ്ങളില്‍ വ്യാപരിക്കുന്ന ഇന്ദ്രിയങ്ങളില്‍ ജീവന്‍ ഇന്ദ്രിയവിഷയങ്ങളെയല്ല തന്റെ കേന്ദ്രബിന്ദുവാക്കിക്കാണുന്നത്, മറിച്ച് ഗുരുസങ്കല്പത്തെയാണ്.
തന്മൂലം ഗുരുത്വത്തെ കേന്ദ്രമാക്കിയുള്ള പ്രജ്ഞാവികാസമേ സംഭവിക്കാനിടയുള്ളു. ഗുരുവിനെ സങ്കല്പിക്കാതെയുള്ള കര്‍മങ്ങളും ഗുരുനിഷേധിക്കുന്ന കര്‍മങ്ങളും സാധകന് ചെയ്യാനവകാശമില്ല. അസ്വതന്ത്ര്യമെന്ന് ബാഹ്യമനസ്സുകള്‍ക്കുതോന്നാവുന്ന നിയന്ത്രണകര്‍മം സാധകന് നിയന്ത്രണാധീനമായ ജീവിതത്തിന്റെ പ്രജ്ഞാവികാസത്തിന് കാരണമായിത്തീരുന്നു. പ്രജ്ഞയെ ലക്ഷ്യമാക്കാത്ത കര്‍മസങ്കല്പം വിഷയങ്ങളില്‍ കുടുങ്ങുമ്പോള്‍ സാധകന്‍ സര്‍വകര്‍മങ്ങളിലും ഗുരുവിന്റെ സങ്കല്പത്തെ കേന്ദ്രീകരിച്ച് കര്‍മത്തിന്റെ വിപരീതഫലങ്ങളില്‍നിന്ന് മുക്തമാവുകയാണ് ചെയ്യുന്നത്. ഇത് മനസ്സിലാകാത്ത സാധകന് താന്‍ ചെയ്യുന്ന ഓരോപ്രവൃത്തിയും കേവലം ബാഹ്യ കര്‍മമായി തോന്നും.
അധ്യാത്മപഠനം നടത്തേണ്ട എനിക്ക് ഭൗതിക കര്‍മംചെയ്യേണ്ടിവരുന്നു എന്ന തോന്നലുമുണ്ടാകും. ഇവിടെ സാധകന് അലംഘനീയമായൊരു ദോഷം സ്വായത്തമാകും. ജീവാത്മാവിന് ഇച്ഛയും ക്രിയയും വളരെയേറെ ഇഷ്ടമുളവാക്കുന്നതാണ്. ജ്ഞാനം ഇച്ഛയ്ക്കും ക്രിയയ്ക്കും ഉപയുക്തമാകുകയേയുള്ളു. സാധകന് ഇച്ഛയും ക്രിയയും ബാധിച്ച് കര്‍മങ്ങളില്‍ കുടുങ്ങി ബദ്ധാവസ്ഥ അനുഭവപ്പെടും.
കര്‍മങ്ങളുടെ സ്വഭാവം വിഷയബന്ധമായിരിക്കുമ്പോള്‍-സ്വതന്ത്രമായി കര്‍മങ്ങള്‍ ചെയ്യേണ്ടിവരുമ്പോള്‍,അവയെ ബദ്ധകര്‍മങ്ങളായി കാണാനുള്ള അനുഭവമാണ് മേല്‍പറഞ്ഞ തെറ്റിദ്ധാരണകൊണ്ടുണ്ടാകുന്നത്. ഗുരുവിന്റെ നിയോഗം. നിര്‍ദേശം ഇവയ്ക്കനുസരിച്ച് ചെയ്യുന്ന കര്‍മങ്ങള്‍ സാധകന് സ്വതന്ത്രമായി നിര്‍വഹിക്കേണ്ടവയല്ല. ഫലം സാധകനിലല്ല കേന്ദ്രീകരിക്കുന്നത്. ഗുരുവിലാണെന്ന് സാധകന്‍ അറിയേണ്ടതാണ്. വിഷയത്തില്‍നിന്ന് മുക്തമായി കര്‍മംചെയ്യാനുള്ളശീലം ഇതില്‍ നിന്ന് ലഭ്യമാകുന്നു. മറിച്ച് തന്നെകൊണ്ട് ബാഹ്യകര്‍മം ചെയ്യിക്കുന്നെന്നുള്ളബോധം സാധകന് ബാഹ്യകര്‍മങ്ങളുടെ ബാദ്ധ്യത ഉണ്ടാക്കിക്കൊടുക്കുന്നു.
താന്‍ ചെയ്യുന്ന കര്‍മങ്ങളില്‍ കേന്ദ്രബിന്ദുവായ ഗുരുസങ്കല്‍പത്തെ നിഷേധിക്കുകയും താന്‍ കര്‍മം ചെയ്യുന്നുവെന്ന അഹം ബുദ്ധി ജനിക്കുകയുമാണ് ഇതിനുകാരണം. ഇത്തരക്കാര്‍ക്ക് പുസ്തകജ്ഞാനമല്ലാതെ ‘അക്ഷര’ ജ്ഞാനമുണ്ടാവുകയില്ല. അധ്യാത്മാനുഭൂതി ആത്മനിഷ്ഠമാകുന്നു. ഗുരുസങ്കല്പവും സ്വരൂപവും ആത്മസ്വഭാവത്തോടുകൂടിയതാണ്. അതുകൊണ്ട് ഗുരുസങ്കല്പത്തെ മാറ്റിനിര്‍ത്തിയിട്ട് അനുഭൂതി സാധ്യമാകുകയില്ല.
ഉഗ്രമായ തപസ്സനുഷ്ഠിച്ച് ജ്ഞാനം സമ്പാദിച്ചവര്‍ ധാരാളമുണ്ടല്ലോ. അവിടെ ബാഹ്യദൃഷ്ടിയില്‍ ഗുരുവിനെ കാണുന്നില്ലല്ലോ എന്ന സംശയമുണ്ടാകാം. ”ഗുരുബ്രഹ്മാ ഗുരുര്‍വിഷ്ണു ഗുരുര്‍ ദേവോ മഹേശ്വര:” എന്നുള്ള സങ്കല്പം തന്നെയാണിതിനുത്തരമായുള്ളത്. നിര്‍ഗുണാവസ്ഥയില്‍ ബ്രഹ്മസങ്കല്പത്തിലും സഗുണാവസ്ഥയില്‍ അവതാരസങ്കല്പത്തിലും പ്രജ്ഞ കേന്ദ്രീകരിച്ചാണ് തപസ്സനുഷ്ഠിക്കുന്നത്. ഇവിടെ ഗുരുത്വം കൂടുതല്‍ രൂഢമൂലമാകുകയാണ് ചെയ്യുന്നത്. ബാഹ്യവൃത്തിയില്‍ ഗുരുവിനെ കാണുന്നദോഷഫലം ഇതുകൊണ്ട് ഒഴിവാക്കാന്‍ കഴിയും.
Discussion about this post