തിരുവനന്തപുരം: ഓണക്കാലത്ത് വിപണി വിലയെക്കാള്‍ 30 ശതമാനം കുറവില്‍ പച്ചക്കറി വിപണനം ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. ഇതിനായി ഹോര്‍ട്ടികോര്‍പ് നേരിട്ടും സപ്ളൈകോയുമായി ചേര്‍ന്നും ജില്ലകള്‍തോറും രണ്ടുവീതം റംസാന്‍-ഓണം പച്ചക്കറി വിപണനമേളകള്‍ സംഘടിപ്പിക്കും. 98 ഔട്ട്ലെറ്റുകള്‍ വഴിയും സപ്ളൈകോയുടെ മാവേലിസ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ 55 പച്ചക്കറിസ്റാളുകള്‍ വഴിയും വില്‍പനയുണ്ടാകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം ജില്ലകളിലെ ഹരിത മൊബൈല്‍ യൂണിറ്റുകള്‍ വഴിയും പച്ചക്കറി വില്‍പനയുണ്ടായിരിക്കും.
റസിഡന്റ്സ് അസോസിയേഷനുകളില്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പച്ചക്കറി വില്‍പ്പന നടത്തും. മുന്‍കൂര്‍ പണമടക്കുന്ന റസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് ഓണത്തിന് ആവശ്യമുള്ള പച്ചക്കറി എത്തിച്ചുകൊടുക്കും. ഇടുക്കി, പാലക്കാട്, എറണാകുളം, വയനാട്, തിരുവനന്തപുരം ജില്ലകളിലെ കര്‍ഷകരില്‍ നിന്നു ന്യായവിലയ്ക്കു പച്ചക്കറി സംഭരിക്കും.
വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സില്‍ ഇപ്പോഴുള്ള 32 റീട്ടെയില്‍ മാര്‍ക്കറ്റുകള്‍ കൂടാതെ 118 എണ്ണംകൂടി മൂന്നു ദിവസത്തിനകം ആരംഭിക്കും. 3,000 ടണ്‍ ഏത്തക്കായും 1,500 ടണ്‍ പച്ചക്കറിയും കൗണ്‍സില്‍ ഓണത്തിന് തയ്യാറാക്കിയിട്ടുണ്ട്. യോഗത്തില്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, കൃഷിമന്ത്രി കെ.പി. മോഹനന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post