ന്യൂഡല്‍ഹി: പുനഃസംഘടിപ്പിക്കപ്പെട്ട മെഡിക്കല്‍ കൗണ്‍സില്‍ വീണ്ടും പരിശോധിക്കുന്ന 81 മെഡിക്കല്‍ കോളേജുകളുടെ വിവരങ്ങളും കൗണ്‍സില്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. പിരിച്ചുവിട്ട മെഡിക്കല്‍ കൗണ്‍സിലെടുത്ത നടപടിജൂലായ് 15-നു മുമ്പ് പൂര്‍ത്തിയാകുമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഭരണസമിതി ചെയര്‍മാന്‍ ഡോ. ശിവകുമാര്‍ സരിന്‍ അറിയിച്ചു.
81 കോളേജുകള്‍ പരിശോധിക്കുന്നതിന് രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍നിന്ന് 243 പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘത്തെ നിയമിച്ചിരുന്നു. ഇതില്‍ 75 കോളേജുകളുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെയും ഫാക്കല്‍റ്റിയുടെയും വിവരങ്ങളാണ് കൗണ്‍സില്‍ തേടിയത്. 33 കോളേജുകളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളവയുടേത് രണ്ടു ദിവസത്തിനകം വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അവ പരിശോധിച്ച ശേഷം സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ അല്ലെങ്കില്‍ പ്രമോട്ടര്‍ ഇതു സംബന്ധിച്ച് സത്യവാങ്മൂലം നല്‍കണം. പരിശോധന സുതാര്യമാക്കുന്നതിന്റെ ഭാഗമാണിത്. തെറ്റായ വിവരങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡോ. സരിന്‍ പറഞ്ഞു.
പിരിച്ചുവിട്ട മെഡിക്കല്‍ കൗണ്‍സില്‍ 81 കോളേജുകളുടെ കാര്യത്തിലെടുത്ത തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് നിര്‍ദേശിച്ചത്. ഇതില്‍ 15 എണ്ണം പുതിയ കോളേജാണ്. ബാക്കിയുള്ളത് അംഗീകാരം പുതുക്കുന്നതിനുവേണ്ടിയുള്ള അപേക്ഷകളാണ്. കേരളത്തിലെ ആറു കോളേജുകള്‍ ഈ ഗണത്തില്‍പ്പെടും. മൂന്നെണ്ണം പുതിയവയിലും. ജൂണ്‍ 15-നകം തീരുമാനമെടുക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, ഒരു മാസം കൂടുതല്‍ വേണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ നടത്തുന്നതിന് 27 അപേക്ഷകളാണ് ലഭിച്ചത്. അടുത്ത കൊല്ലത്തേക്കുള്ള അപേക്ഷകളും പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്.
ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകളിന്മേല്‍ സമയബന്ധിതമായി തീരുമാനമെടുക്കും-ഡോ. സരിന്‍ പറഞ്ഞു.
Discussion about this post