ന്യൂഡല്‍ഹി: ഇന്നും നാളെയും പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യാ വ്യാപകമായി പണിമുടക്കുന്നു. ദേശസാത്കൃത ബാങ്ക് സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ബാങ്ക് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണു പണിമുടക്ക്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 80,000 ത്തിലധികം ശാഖകള്‍ അടച്ചിട്ടിരിക്കുകയാണ്. എ.ടി.എം കൗണ്ടറുകളും പ്രവര്‍ത്തന രഹിതമാണ്. 12 സ്വകാര്യബാങ്കുകളും 8 വിദേശബാങ്കുകളും പണിമുടക്കുന്നതായി ആള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ അറിയിച്ചു. കേരളത്തില്‍ ഓണം ഉത്സവ വിപണിയില്‍ പണിമുടക്ക് സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.
ബാങ്കിംഗ് നിയമ ഭേദഗതി സംബന്ധിച്ച് ഇന്നു ലോക്സഭയില്‍ ബില്‍ അവതരണം നടക്കും. ബാങ്കുകളിലെ സ്വകാര്യ ഓഹരിയുടമകളുടെ വോട്ടവകാശ പരിധി എടുത്തുകളയാനുള്ള നിര്‍ദേശം ബില്ലിലുണ്ട്. ഇത് ഒഴിവാക്കുക, പുറംകരാര്‍ നല്‍കുന്നത് അവസാനിപ്പിക്കുക, ബാങ്ക് റിക്രൂട്ടിംഗ് ബോര്‍ഡ് പുനഃസംഘടിപ്പിക്കുക, ആശ്രിത നിയമനം പുനഃസ്ഥാപിക്കുക, പുതിയ ബാങ്കുകള്‍ക്കു ലൈസന്‍സ് നല്‍കാനുള്ള നീക്കം അവസാനിപ്പിക്കുക, ഗ്രാമീണ ബാങ്ക് ശാഖകള്‍ക്കു പകരം കറസ്പോണ്‍ഡന്റുമാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.
Discussion about this post