എറണാകുളം:അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതില്‍ ചില വീഴ്ചകള്‍ സംഭവിച്ചതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. എറണാകുളം പ്രസ്‌ക്ലബില്‍ ‘ത്രിതലം-2010’ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോട്ടറി നിയമം വ്യഖ്യാനിച്ച് നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍, അവരെ ചുമതലപ്പെടുത്തേണ്ടവര്‍ എന്നിവരുടെ ഭാഗത്തുനിന്നാണ് വീഴ്ചകളുണ്ടായത്. ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഉത്തരവാദിത്തം സര്‍ക്കാര്‍ ഏല്‍ക്കുന്നു. ഭാവിയില്‍ ഇതില്ലാതിരിക്കാന്‍ ശ്രമിക്കും. ഇപ്പോള്‍ ഇറക്കിയ ഓര്‍ഡിനന്‍സ് കൃത്യമായി പാലിച്ചാല്‍ ഭാവിയില്‍ വീഴ്ചകളില്ലാതാകും. ഹൈകോടതി വിധിയുടെ പേരില്‍ ലോട്ടറി മാഫിയ അഹങ്കരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂട്ടാന്‍ ലോട്ടറിയുടെ പ്രമോട്ടറായി മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ അംഗീകരിച്ച് മുന്‍കൂര്‍ നികുതി വാങ്ങാന്‍ ഹൈകോടതി വിധിച്ചെങ്കിലും നികുതി വാങ്ങേണ്ട സാഹചര്യമുണ്ടാവില്ല. വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതടക്കം ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ഉന്നതതല യോഗം തീരുമാനിക്കും.
അന്യസംസ്ഥാന-ഭൂട്ടാന്‍ ലോട്ടറികളുടെ വില്‍പ്പന സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ് നിലനില്‍ക്കുന്നുണ്ട്. ഇതിലെ വ്യവസ്ഥകള്‍ പാലിച്ചാല്‍മാത്രമേ ഇവിടെ അന്യസംസ്ഥാന ലോട്ടറി വില്‍ക്കാന്‍ കഴിയൂ. സര്‍ക്കാര്‍ പ്രസില്‍ അച്ചടിക്കണമെന്നത് മുതല്‍ ഏത് രീതിയില്‍ നറുക്കെടുപ്പ് നടത്തണമെന്നുവരെ നിഷ്‌കര്‍ഷിക്കുന്ന 12 പോയന്റുള്ള ഓര്‍ഡിനന്‍സാണ് പുറപ്പെടുവിച്ചത്. ഇത് അനുസരിച്ചല്ല ഭൂട്ടാന്‍ ലോട്ടറിയുടെ അച്ചടിയും നറുക്കെടുപ്പും. ശിവകാശിയില്‍ അച്ചടിച്ച് ഇവിടെ കൊണ്ടുവന്ന് വില്‍ക്കുകയാണ്. ചൂതാട്ടത്തിലൂടെ ജനങ്ങളുടെ പണം കൊള്ളയടിക്കാന്‍ അനുവദിക്കില്ല. കേന്ദ്ര ലോട്ടറി നിയമത്തിലെ വ്യവസ്ഥകള്‍ മാറണം. ലോട്ടറിയുടെ നിയന്ത്രണാധികാരം സംസ്ഥാനത്തിന് നല്‍കണം.
അന്യസംസ്ഥാന ലോട്ടറികള്‍ക്ക് ഒത്താശ ചെയ്യുന്നത് കേന്ദ്രസര്‍ക്കാറാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ലോട്ടറി മാഫിയയുടെ കുടിശ്ശിക പിരിക്കണമെന്ന് താന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ ആവശ്യമുന്നയിച്ചതിനെ പരിഹസിച്ചവരാണ് ഉമ്മന്‍ ചാണ്ടിയും വക്കം പുരുഷോത്തമനുമൊക്കെ. അന്യസംസ്ഥാന ലോട്ടറി സംബന്ധിച്ച് ഇപ്പോഴത്തെ സംവാദം ആരോഗ്യകരമാണ്. അതിന്റെ ഭാഗമായി ലോട്ടറി പരസ്യങ്ങള്‍ നിലച്ചു. അത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന അനീതിയാണെന്ന ബോധവുമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post