തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ കെ.പങ്കജാക്ഷന് തലസ്ഥാന നഗരിയുടെ ആദരാഞ്ജലി. സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നും രാവിലെ എട്ടു മണിയോടെ പേട്ടയിലെ വസതിയില്‍ എത്തിച്ചു. മന്ത്രി ഷിബു ബേബിജോണ്‍, ആര്‍എസ്പി നേതാക്കളായ ടി.ജെ. ചന്ദ്രചൂഡന്‍, എന്‍.കെ.പ്രേമചന്ദ്രന്‍, എ.എ.അസീസ്, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വിജെടി ഹാളിലും പിന്നീട് ആര്‍എസ്പി സംസ്ഥാന കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവര്‍ വിജെടി ഹാളില്‍ നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കും. കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിക്കു വേണ്ടി ജില്ലാ കളക്ടര്‍ പുഷ്പചക്രം അര്‍പ്പിക്കും. വൈകുന്നേരം നാലിന് ചാക്കയ്ക്ക് സമീപം യുടിയുസി ഓഫീസ് വളപ്പിലാണ് സംസ്കാരം നടക്കുക. ഹൃദയാഘാതത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് അന്തരിച്ചത്.
Discussion about this post