കണ്ണൂര്‍: കണ്ണൂര്‍ ചാലയില്‍ അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ കണ്ണയ്യന്‍ കീഴടങ്ങി. കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് തമിഴ്നാട് സേലം സ്വദേശിയായ ഇയാള്‍ കീഴടങ്ങിയത്. റോഡിലെ ഡിവൈഡറില്‍ കയറി നിയന്ത്രണം വിട്ട് ടാങ്കര്‍ മറിഞ്ഞതോടെ പരിസരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ശേഷം ഇയാള്‍ രക്ഷപെടുകയായിരുന്നു. ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച മീന്‍ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ചപ്പോള്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നെന്ന് ഇയാള്‍ പറഞ്ഞു. ഇയാള്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയുള്‍പ്പെടെയുള്ള കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. ലോറിയില്‍ നിന്നും കണ്ടെടുത്ത ബാഗില്‍ നിന്നാണ് ഇയാളുടെ പേരും മറ്റും പോലീസ് മനസിലാക്കിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു. കണ്ണയ്യന്‍ കീഴടങ്ങിയതോടെ അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അപകടത്തെ തുടര്‍ന്ന് ലോറിയില്‍ നിന്നും വാതകം ചോര്‍ന്ന് പൊട്ടിത്തെറിയുണ്ടായി ഒന്‍പതു പേര്‍ മരിച്ചിരുന്നു.
Discussion about this post