മുംബൈ: മുംബൈ നഗരസഭയിലെ ശിവസേനാംഗമായിരുന്ന കാംലാകര്‍ ജംസന്ദേക്കറെ വധിച്ച കേസില്‍ മുന്‍ അധോലോക നായകന്‍ അരുണ്‍ ഗാവ്ലിയടക്കം 11 പേര്‍ക്ക് മഹാരാഷ്ട്രയിലെ പ്രത്യേക മോക്ക കോടതി ജീവപര്യന്തം ശിക്ഷ ലഭിച്ചു. ഗാവ്ലിക്ക് ഏഴ് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയൊടുക്കിയില്ലെങ്കില്‍ കൂടുതല്‍ തടവ് അനുഭവിക്കേണ്ടിവരും. കേസില്‍ പ്രതിയായിരുന്ന സുനില്‍ ഘാട്ടെ ഒഴികെ 11 പേര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
ഘാട്ടെയ്ക്ക് മൂന്നു വര്‍ഷത്തെ തടവാണ് വിധിച്ചിട്ടുള്ളത്. 2008 മാര്‍ച്ചിലാണ് കാംലാകര്‍ ഘട്കോപാറിലെ വീട്ടില്‍ വെടിയേറ്റുമരിച്ചത്. കൊലപാതകത്തിനായി ഗാവ്ലിക്ക് 30 ലക്ഷം രൂപ നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2008 മെയ് 21 നാണ് കേസില്‍ ഗാവ്ലി അറസ്റിലാകുന്നത്. 2010 ഒക്ടോബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഗാവ്ലിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കൊലപാതകവും ക്രിമിനല്‍ ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ജഡ്ജി പൃഥ്വിവരാജ് ചവാനാണ് ശിക്ഷ വിധി പ്രഖ്യാപിച്ചത്.
Discussion about this post