

ശബരിമല: ശബരിമല മേല്‍ശാന്തിയായി തൃശ്ശൂര്‍ ചെറുതുരുത്തി പൈങ്കുളം എഴിക്കോട് മനയില്‍ ശശി നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി മാവേലിക്കര വള്ളികുന്നം കടുവിനാല്‍ മംഗലശ്ശേരി ഇല്ലത്ത് ധനഞ്ജയന്‍ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. തിങ്കളാഴ്ച രാവിലെ സന്നിധാനത്ത് നറുക്കെടുപ്പിലൂടെയാണ് ഇരുവരെയും തിരഞ്ഞെടുത്തത്. ആദ്യ നറുക്കെടുപ്പില്‍ത്തന്നെ പേരുകള്‍ ഒത്തുവന്നുവെന്ന അപൂര്‍വതയും ഉണ്ടായി.
മേല്‍ശാന്തിമാരുടെ അഭിമുഖത്തില്‍ ഒന്നാം റാങ്ക് നേടിയ 59 വയസ്സുകാരനായ ശശി നമ്പൂതിരിക്ക് ശബരിമല മേല്‍ശാന്തിയായി അപേക്ഷിക്കാനുള്ള അവസാന അവസരമായിരുന്നു ഇത്. പതിനഞ്ചുതവണ മേല്‍ശാന്തി നിയമനത്തിന് അപേക്ഷ നല്‍കിയിട്ടുള്ള ഇദ്ദേഹം പന്ത്രണ്ട് തവണയും പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടെങ്കിലും നറുക്ക് അനുകൂലമായത് ഇപ്പോഴാണ്.
1995-ല്‍ ഗുരുവായൂര്‍ മേല്‍ശാന്തിയായിരുന്ന ഇദ്ദേഹം 19 വര്‍ഷം കോയമ്പത്തൂര്‍ സിദ്ധാപുത്തൂര്‍ അയ്യപ്പക്ഷേത്ര മേല്‍ശാന്തിയായിരുന്നു. ഇപ്പോള്‍ കലൂര്‍ പാവക്കുളം മഹാദേവര്‍ ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്. ആലുവ വടക്കേ വാഴക്കുളം മാറമ്പിള്ളി ആശിക്കത്ത് മന കുടുംബാംഗം പ്രസന്നയാണ് ഭാര്യ. മക്കള്‍: ഡോ. അപര്‍ണ, വിശാഖ് ആര്യന്‍. മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ധനഞ്ജയന്‍ നമ്പൂതിരി രണ്ടുവര്‍ഷം മുമ്പ് മാളികപ്പുറം മേല്‍ശാന്തി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ദേവസ്വംബോര്‍ഡ് ജീവനക്കാരനായ ഇദ്ദേഹം ഇപ്പോള്‍ താമരക്കുളം കണ്ണാനാകുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. പാവുമ്പ പവിത്രമംഗലത്ത് അയ്യര്‍വേലി മഠത്തില്‍ പ്രീതിയാണ് ഭാര്യ. മക്കള്‍: അരുണ്‍, ആദിത്യന്‍.
കോഴിക്കോട് വെള്ളിമാടുകുന്ന് അമ്പിളിപറമ്പില്‍ അതീതാനന്ദാണ് വെള്ളിക്കുടത്തില്‍നിന്ന് ശശി നമ്പൂതിരിയുടെ പേര് നറുക്കെടുത്തത്. കണ്ണൂര്‍ താഴെചൊവ്വ കളത്തില്‍ താഴെതില്‍ അഭിനന്ദ് മേല്‍ശാന്തി എന്ന് എഴുതിയത് മറ്റേ കുടത്തില്‍നിന്ന് എടുത്തു. ആലുവ പറവൂര്‍ കവല ഡീഗാര്‍ഡന്‍സില്‍ ലക്ഷ്മി ബാലഗോപാലാണ് മാളികപ്പുറത്തെ നറുക്കെടുത്തത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. രാജഗോപാലന്‍നായര്‍, അംഗങ്ങളായ വി. ശശി, കെ.സിസിലി, ദേവസ്വം കമ്മീഷണര്‍ പി.വി. നളിനാക്ഷന്‍നായര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post