തിരുവനന്തപുരം: എമര്‍ജിങ് കേരളയിലെ പദ്ധതികള്‍ പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണപക്ഷത്തിനിന്നും പ്രതിപക്ഷത്തുനിന്നും ഒരുപോലെ വിമര്‍ശനങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് പദ്ധതി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എമര്‍ജിങ് കേരള ആശയങ്ങള്‍ പങ്കിടാനുള്ള വേദിയാണ്. അതുകൊണ്ട് കന്നെ എമര്‍ജിങ് കേരളയില്‍ ധാരണാപത്രം ഒപ്പിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ പദ്ധതികള്‍ക്കും പരിസ്ഥിതി ആഘാത പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഒരു തുണ്ട് ഭൂമി പോലും വില്‍ക്കില്ല. പക്ഷേ കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഗുണം ചെയ്യുന്ന ചില പദ്ധതികള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
എമര്‍ജിങ് കേരള വെബ്‌സൈറ്റില്‍ പദ്ധതി നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചത് ജനങ്ങള്‍ അറിയുന്നതിനു വേണ്ടിയാണ്. ഇത് വിവാദമാകുന്ന സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്‌കീനിങ് കമ്മിറ്റി പദ്ധതികള്‍ പുന:പരിശോധിക്കുക. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം തന്നെ കമ്മിറ്റി സ്‌ക്രീനിങ് തുടങ്ങും. അതിന് ശേഷമാകും വീണ്ടും വെബ്‌സൈറ്റില്‍ അന്തിമപട്ടിക പ്രസിദ്ധീകരിക്കുക.
Discussion about this post