തിരുവനന്തപുരം: എമേര്‍ജിംഗ് കേരളയിലെ നാല് വിവാദ പദ്ധതികള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. നെല്ലിയാമ്പതി, വാഗമണ്‍, ഇലവീഴാപ്പൂഞ്ചിറ, ധര്‍മ്മടം ടൂറിസം പദ്ധതികളാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ചീമേനി പദ്ധതിക്കായുള്ള ഭൂമിയുടെ അളവും സര്‍ക്കാര്‍ കുറച്ചു. 1621 ഏക്കറില്‍ നിന്നും 200 ഏക്കറായാണ് കുറച്ചത്. എമേര്‍ജിംഗ് കേരളയുടെ വെബ്സൈറ്റില്‍ നിന്നും വിവാദ പദ്ധതികള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. ഈ മാസം 12-നാണ് എമേര്‍ജിംഗ് കേരള പദ്ധതി ആരംഭിക്കുന്നത്.
എമേര്‍ജിംഗ് കേരളയിലെ ചില പദ്ധതികള്‍ വിവാദമായതിനെ തുടര്‍ന്ന് പദ്ധതികളെക്കുറിച്ച് പരിശോധിക്കാന്‍ സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. എമേര്‍ജിംഗ് കേരളയിലെ പദ്ധതികള്‍ പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് തീരുമാനമെടുത്തത്. പ്രതിപക്ഷത്തിന് പുറമേ യുഡിഎഫിലെ നേതാക്കളും എംഎല്‍എമാരും പദ്ധതിക്കെതിരേ രംഗത്തു വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. എമര്‍ജിംഗ് കേരളയിലെ എല്ലാ പദ്ധതിക്കും പരിസ്ഥിതി ആഘാത പഠനം നടത്താനും നിക്ഷേപ അനുമതി ബോര്‍ഡ് രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്.
Discussion about this post