ഗുരുവായൂര്‍: അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂരപ്പനെ ഒരുനോക്കു കാണാന്‍ ഗുരുവായൂരില്‍ വന്‍ ഭക്തജനപ്രവാഹം. ഇന്നലെ വൈകിട്ടു മുതല്‍ തന്നെ കണ്ണന്‍റെ ദര്‍ശനപുണ്യം തേടി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. ഇന്നു രാവിലെ മൂന്നിനു നിര്‍മാല്യദര്‍ശനം മുതല്‍ തിരക്കേറിയിട്ടുണ്ട്. രാവിലെ ഏഴിനു പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂര്‍ പഞ്ചാരിമേളം അകമ്പടിയോടെ സ്വര്‍ണക്കോലം എഴുന്നള്ളിപ്പ് കാഴ്ചശീവേലി എന്നിവ നടന്നു. ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭനാണ് സ്വര്‍ണക്കോലം എഴുന്നള്ളിച്ചത്. ഉച്ചകഴിഞ്ഞു മൂന്നിനു പഞ്ചവാദ്യത്തോടെ കാഴ്ചശീവേലിയുണ്ടായിരിക്കും. രാത്രി പത്തിനാണു വിളക്കെഴുന്നള്ളിപ്പ്. അഷ്ടമിരോഹിണി ദിനത്തില്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്കെല്ലാം സദ്യയൊരുക്കിയിട്ടുണ്ട്.
ഗുരുവായൂരിലെ വിശേഷ വഴിപാടുകളായ നെയ്യപ്പം, പാല്‍പ്പായസം, അട തുടങ്ങിയവ രാവിലെ മുതല്‍ ക്ഷേത്രത്തില്‍ തയാറാക്കി. അഷ്ടമിരോഹിണി ദിനത്തില്‍ 2,63,808 രൂപയുടെ 44,000 നെ യ്യപ്പമാണ് നിവേദിക്കുന്നത്. നേന്ത്രപ്പഴവും ശര്‍ക്കരയും ചേര്‍ത്തു രാവിലെ എട്ടു മുതല്‍ കീഴ്ശാന്തി നമ്പൂതിരിമാരാണു നെയ്യപ്പം തയാറാക്കി തുടങ്ങിയത്. രാത്രിയിലാണ് അപ്പം നിവേദിക്കുന്നത്. താംബൂലനിവേദ്യവും, ഓലവായനയും തൃപ്പുകയും ഇന്നത്തെ വഴിപാടുകളായുണ്ട്.
വൈകിട്ടു നടക്കുന്ന പ്രത്യേകചടങ്ങില്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌കാരം അന്നമനട പരമേശ്വര മാരാര്‍ക്കു സമര്‍പ്പിക്കും. ഗുരുവായൂര്‍ നായര്‍സമാജം, പെരുന്തട്ട ശിവകൃഷ്ണ ഭക്തസംഘം, ബാലഗോകുലം സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന വര്‍ണാഭമായ ഘോഷയാത്ര ഇന്നു ഗുരുവായൂരിനെ ഭക്തിയില്‍ ആറാടിക്കും.
Discussion about this post