ചെന്നൈ: പി.എസ്.എല്‍.വി സി 21 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്നും ഇന്നു രാവിലെ 9.51ന് ഭ്രമണപഥത്തിലേക്ക് കുതിക്കും. ഫ്രാന്‍സും ജപ്പാനും നിര്‍മിച്ച രണ്ട് ഉപഗ്രഹങ്ങളുമായാണ് പേടകം ഭ്രമണപഥത്തിലേക്ക് തിരിക്കുക. വിക്ഷേപണത്തിന് സാക്ഷിയാവാന്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും എത്തിച്ചേരും.
ഇതിനു മുന്നോടിയായുള്ള 51 മണിക്കൂര്‍ കൗണ്ട്‌ഡൗണ്‍ ഇന്നലെ രാവിലെ 6.51ന് തുടങ്ങി. വിക്ഷേപണത്തിന്റെ രണ്ടാം ഘട്ടമായ പ്രൊപ്പല്ലന്റ് ഫില്ലിംഗും (പിഎസ്2) നാലാം ഘട്ടവും (പിഎസ്4) കൗണ്ട്‌ഡൗണ്‍ കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കും.
ഫ്രാന്‍സ് നിര്‍മിച്ച 712 കിലോഗ്രാം ഭാരമുള്ള സ്‌പോട്6 ഉപഗ്രഹവും ജപ്പാന്റെ 15 കിലോഗ്രാം ഭാരമുള്ള ദൂരദര്‍ശിനിയുമാണ് വിക്ഷേപിക്കുക. 62 ഉപഗ്രഹങ്ങളും 37 പേടകങ്ങളുമാണ് ഇതുവരെ ഐ.എസ്.ആര്‍.ഒ ഭ്രമണപഥത്തിലെത്തിച്ചത്. 1975ല്‍ ആര്യഭട്ടയായിരുന്നു ആദ്യ ഉപഗ്രഹം.
നാല് വര്‍ഷം മുമ്പ് ഐ.എസ്.ആര്‍.ഒ. നടത്തിയ ചാന്ദ്രയാന്‍ ദൗത്യം ചന്ദ്രനില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ചന്ദ്രനിലേക്കുള്ള ഐ.എസ്.ആര്‍.ഒ.യുടെ അടുത്ത ദൗത്യം 2014ലായിരിക്കും. അടുത്തവര്‍ഷം ചൊവ്വയിലേക്ക് ആളില്ലാവാഹനം അയയ്ക്കുന്നതിനും ഐ.എസ്.ആര്‍.ഒ. തയാറെടുക്കുകയാണ്.
Discussion about this post