ഐജി ടോമിന്‍ ജെ. തച്ചങ്കരിയുടെ ഖത്തര്‍ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്ര ഏജന്‍സി ന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനുള്ള കത്തിലും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. തന്റെ ഖത്തര്‍ യാത്ര �സെമി ഒഫീഷ്യല്‍� ആണെന്ന് ഐജി ടോമിന്‍ ജെ. തച്ചങ്കരി ഇന്ത്യന്‍ സ്‌ഥാനപതി ദീപാ ഗോപാലന്‍ വാധ്വയോടു പറഞ്ഞുവെന്നും തച്ചങ്കരിയുമായി നടത്തിയ സംഭാഷണത്തിനു പുറമെ, ചില ഇന്ത്യക്കാരില്‍നിന്നുതന്നെ ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് സ്‌ഥാനപതി കത്ത് അയച്ചതെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ലഭ്യമായ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ശക്‌തമായ ആരോപണങ്ങള്‍ സ്‌ഥാനപതി ഉന്നയിക്കാന്‍ ഇടയായ സാഹചര്യം പരിശോധിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. തച്ചങ്കരിയും സ്‌ഥാനപതിയുമായുള്ള കൂടിക്കാഴ്‌ചയൊരുക്കിയത് സംസ്‌ഥാനത്തെ ചില രാഷ്‌ട്രീയ നേതാക്കളുമായി ബന്ധമുള്ള വ്യക്‌തിയാണ്. കൂടിക്കാഴ്‌ചയില്‍ ഇദ്ദേഹവും സന്നിഹിതനായിരുന്നു. ഇദ്ദേഹത്തിന്റെ ഫോണിലൂടെയാണ് സ്‌ഥാനപതിയോട് തച്ചങ്കരി യാത്രയ്‌ക്കുമുമ്പ് കണ്ണൂരില്‍നിന്ന് സംസാരിച്ചതെന്നാണ് അറിയുന്നത്.
തച്ചങ്കരിക്കെതിരായ ആരോപണം വിഎസ് – പിണറായി ഏറ്റുമുട്ടലിനോട് ബന്ധപ്പെടുത്തി വായിക്കാനും സിപിഎം വൃത്തങ്ങള്‍ തയാറായിട്ടുണ്ട്. തച്ചങ്കരിക്ക് പിണറായിയോടുള്ള അടുപ്പമാണ് ഇതിനു പറയുന്ന പ്രധാന കാരണം. തച്ചങ്കരിയുടെ ഖത്തറിലെ നടപടികളെക്കുറിച്ച് വിവരങ്ങള്‍ സ്‌ഥാനപതിക്കു ലഭ്യമാക്കിയവരെക്കുറിച്ച് പാര്‍ട്ടിപരമായ സംശയങ്ങള്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്. സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായിയുടെ വീടിന്റെ വ്യാജ ചിത്രവുമായി ബന്ധപ്പെട്ട കൃത്യമായ പരാമര്‍ശം കത്തില്‍ വന്നത് ശ്രദ്ധേയമാണ്.
പിണറായി വിജയന്റെ വീടെന്ന വ്യാജ ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിക്കപ്പെട്ട മനോജിനെ തച്ചങ്കരി കണ്ടുവെന്നത് താനുമായുള്ള സംഭാഷണത്തിലെ പരാമര്‍ശമാണെന്നാണ് തലശേരി സ്വദേശിനിയായ സ്‌ഥാനപതി വ്യക്‌തമാക്കിയിട്ടുള്ളത്.താന്‍ ഈ വിഷയം സ്‌ഥാനപതിയോടു സംസാരിച്ചിട്ടേയില്ലെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോടും തച്ചങ്കരി വ്യക്‌തമാക്കിയിരുന്നു.ഇതിനിടെ, ആഭ്യന്തര സെക്രട്ടറിക്കു തച്ചങ്കരി നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്കു ലഭിച്ചതും കേന്ദ്രത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിക്കു സ്വകാര്യമായി നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്കു നല്‍കി, മാധ്യമങ്ങളിലൂടെ കേസ് കളിക്കുന്ന രീതിക്കാണ് ഒരു ഐപിഎസ് ഉദ്യോഗസ്‌ഥന്‍ ശ്രമിച്ചതെന്നും ഇതുതന്നെ ഗുരുതരമായ പെരുമാറ്റപ്പിഴവാണെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
സ്‌ഥാനപതിയുമായി താന്‍ നടത്തിയ കൂടിക്കാഴ്‌ചയുടെ പശ്‌ചാത്തലത്തിലാണ് കത്തിലെ ആരോപണങ്ങളേറെയും എന്ന നിലപാടിലാണ്‌തച്ചങ്കരി. ഒളിവില്‍ കഴിയുന്നവര്‍ക്കു സുരക്ഷിതപാതയൊരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യമാണ് ഇന്ത്യന്‍ സമൂഹത്തില്‍നിന്നു സ്‌ഥിരീകരണം ലഭിച്ച കാര്യമായി സ്‌ഥാനപതി വ്യക്‌തമാക്കിയിട്ടുള്ളത്. സുരക്ഷിതപാത ഒരുക്കുന്നതിന് തീവ്രവാദികളില്‍ നിന്ന് തച്ചങ്കരി പ്രതിഫലം ആവശ്യപ്പെട്ടെന്ന ശക്‌തമായ ആരോപണമാണ് റിപ്പോര്‍ട്ടിലുള്ളത്.വാധ്വയുടെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയം സംസ്‌ഥാന സര്‍ക്കാരിനു നല്‍കുകയും നടപടി ആവശ്യപ്പെടുകയുമായിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് ചീഫ് സെക്രട്ടറി ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് ചിദംബരത്തിനു മുഖ്യമന്ത്രി കത്തയച്ചത്.
തടിയന്റവിട നസീറിനെക്കുറിച്ചു ഖത്തറിലെ ഇന്ത്യന്‍ സ്‌ഥാനപതി ദീപാ വാധ്വയോട് അന്വേഷിച്ചതായുള്ള ആരോപണം ഐജി ടോമിന്‍ ജെ. തച്ചങ്കരി നിഷേധിച്ചു.തീവ്രവാദക്കേസുകളുമായി ബന്ധമുള്ള ആരെയും ഖത്തറില്‍ സന്ദര്‍ശിച്ചിട്ടില്ല. നാട്ടില്‍ ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടു ഖത്തറിലേക്കു കടന്ന ആരെക്കുറിച്ചും അന്വേഷിക്കേണ്ട ഔദ്യോഗിക ഉത്തരവാദിത്തവും തനിക്കില്ലെന്നും തച്ചങ്കരി അറിയിച്ചു.കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കയച്ച കത്തിലാണു തച്ചങ്കരി ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കുന്നത്. ഡിജിപിയുടെയും ആഭ്യന്തര മന്ത്രിയുടെയും അനുമതിയോടെയാണു ഖത്തര്‍ സന്ദര്‍ശിച്ചതെന്ന് അദ്ദേഹം കത്തില്‍ അവകാശപ്പെടുന്നുണ്ട്.
ഇന്ത്യന്‍ സ്‌ഥാനപതിയെ സന്ദര്‍ശിച്ചത് അനൗപചാരികമായിട്ടാണ്.ദീപാ വാധ്വ വിദേശകാര്യമന്ത്രാലയത്തിന് അയച്ച കത്തില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ദുരുദ്ദേശ്യപരവും സാങ്കല്‍പികവുമാണെന്നും തച്ചങ്കരി പ്രതികരിച്ചു . ദീപാ വാധ്വായെ അടുത്തറിയാവുന്ന തന്റെ ബന്ധുവാണ് അവരെ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത്. എട്ടു മിനിറ്റു മാത്രം നീണ്ട കൂടിക്കാഴ്‌ചയില്‍ സംസാരിച്ച എല്ലാ കാര്യങ്ങള്‍ക്കും ബന്ധുവും സാക്ഷിയാണ്.ഖത്തര്‍ സന്ദര്‍ശിക്കുമ്പോഴൊക്കെ ബഹുമാന സൂചകമായി മലയാളി കൂടിയായ ഇന്ത്യന്‍ സ്‌ഥാനപതിയെ കാണുന്ന പതിവ് ഉണ്ടായിരുന്നു. തീവ്രവാദികളെക്കുറിച്ചു സ്‌ഥാനപതിയോട് ഫോണില്‍ അന്വേഷിച്ചെന്ന ആരോപണവും തച്ചങ്കരി നിഷേധിച്ചു.
ഔദ്യോഗികമോ വ്യക്‌തിപരമോ ആയ ഒരു കാര്യവും സംസാരിക്കാന്‍ ഖത്തര്‍ സ്‌ഥാനപതിയെ ഇതുവരെഫോണില്‍ വിളിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണോ ഖത്തര്‍ സന്ദര്‍ശിച്ചതെന്നു സ്‌ഥാനപതി ചോദിച്ചപ്പോള്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പൊലീസ് ഓഫിസര്‍ക്ക് എല്ലായ്‌പ്പോഴും അനുമതി തേടാന്‍ കഴിയില്ലെന്നു പറഞ്ഞതായുള്ള ആരോപണം ഖേദകരമാണ്. ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. പിണറായി വിജയന്റെ വീടിന്റെ വ്യാജചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രതി മനോജിനെ ഖത്തറില്‍ കാണാന്‍ ശ്രമിച്ചതായുള്ള ആരോപണവും അടിസ്‌ഥാന രഹിതമാണെന്ന് തച്ചങ്കരി പറഞ്ഞു.
മനോജിനെ അറസ്‌റ്റു ചെയ്‌ത് ദിവസങ്ങള്‍ക്കു ശേഷമാണു താന്‍ ഖത്തറിലെത്തിയത്. മാധ്യമങ്ങളിലൂടെ വ്യക്‌തിഹത്യ നടത്താന്‍ ശ്രമിക്കുകയാണ്. ഖത്തര്‍ സന്ദര്‍ശനത്തിനിടെ ഉണ്ടാകാത്ത പല സംഗതികളും തനിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ആരോപണങ്ങളെക്കുറിച്ച് എത്രയും വേഗം ശരിയായ അന്വേഷണം നടത്തി കുറ്റ വിമുക്‌തനാക്കണമെന്ന അഭ്യര്‍ഥനയോടെയാണു തച്ചങ്കരി കത്ത് അവസാനിപ്പിക്കുന്നത്.
Discussion about this post