പാലക്കാട് : മുണ്ടൂരില്‍ സി.പി.ഐ.എം പിളര്‍ന്നു. ഗോകുല്‍ ദാസിന്റെ നേതൃത്വത്തില്‍ പുതിയ ഏരിയാ കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ ദിവസം ഗോകുല്‍ ദാസിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പാര്‍ട്ടി തരംതാഴ്ത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പുതിയ ഏരിയാ കമ്മിറ്റി രൂപീകരിച്ചത്.
വി.എസ് അനുഭാവികളുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത കണ്‍വെന്‍ഷനിലാണ് പുതിയ ഏരിയാ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഇന്നലെ നടന്ന ഏരിയാ കമ്മിറ്റി യോഗവും ഏരിയാ ജനറല്‍ ബോഡിയും ബഹിഷ്‌കരിച്ച വി.എസ് വിഭാഗക്കാരാണ് യോഗത്തില്‍ പങ്കെടുത്തത്. ഏകദേശം രണ്ടായിരത്തോളം പേരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.
കഴിഞ്ഞദിവസം എട്ട് പേരാണ് ഗോകുല്‍ ദാസിനെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് ഏരിയാ കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോയത്. ഗോകുല്‍ ദാസിന്റ ഭാര്യയുടെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗോകുല്‍ ദാസിനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതെന്നാണ് പാര്‍ട്ടി വിശദീകരണം. കോങ്ങാട് ലോക്കല്‍ കമ്മിറ്റിയിലേക്കാണ് ഗോകുല്‍ ദാസിനെ തരംതാഴ്ത്തിയത്. പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനെക്കുറിച്ചും സി.പി.ഐ.എം മാതൃകയില്‍ വര്‍ഗ-ബഹുജന സംഘടനകള്‍ രൂപീകരിക്കുന്നതിനെക്കുറിച്ചും വരും ദിവസങ്ങളില്‍ തീരുമാനിക്കുമെന്ന് പുതിയ ഏരിയാ കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കി.
സി.പി.ഐം.എം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ പാലിച്ച് മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയ ഗോകുല്‍ദാസ് സംഘടനാതത്വം ദുരുപയോഗം ചെയ്യുന്ന ജില്ലാ നേതൃത്വത്തെ അംഗീകരിക്കില്ലെന്നും പറഞ്ഞു. പാര്‍ട്ടി സംഘടനാ തത്വങ്ങളില്‍ വിശ്വസിക്കുമെന്നും ചെങ്കൊടിയേന്തി തന്നെ ഇനിയുള്ള കാലവും ജീവിക്കുമെന്നും ഗോകുല്‍ ദാസ് വ്യക്തമാക്കി. വി.എസ് അച്യുതാന്ദന്‍ മത്സരിച്ച മലമ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് മുണ്ടൂര്‍.
ഒഞ്ചിയത്തിനും ഒറ്റപ്പാലത്തിനും പിന്നാലെയാണ് പാര്‍ട്ടി കോട്ടയായി കേളികേട്ട മുണ്ടൂരിലും സി.പി.ഐ.എം പിളരുന്നത്.
Discussion about this post