കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തറക്കല്ലിട്ടു. ആലുവ മുതല്‍ പേട്ട വരെ നീളുന്ന ആദ്യഘട്ടത്തിനാണ് ഇതു തുടക്കം കുറിക്കുന്നത്. കേന്ദ്രസംസ്ഥാന സംയുക്ത സംരഭമായ കൊച്ചി മെട്രോയില്‍ ഉന്നത നിലവാരത്തിലുള്ള റെയില്‍നെറ്റ്വര്‍ക്ക് യാഥാര്‍ഥ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചിയിലും പരിസരങ്ങളിലും വരുന്ന പദ്ധതികള്‍ ലോകത്തിലെ ഏറ്റവും മികച്ച നഗരകേന്ദ്രങ്ങളിലൊന്നായി ഭാവിയില്‍ കൊച്ചി മാറുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനകാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലേത്. ഇതിന് കേന്ദ്രത്തിന്റെ പരിപൂര്‍ണമായ പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നഗരങ്ങള്‍ വികസിക്കുന്നതിനൊപ്പം പശ്ചാത്തല സംവിധാനവും മെച്ചപ്പെടുത്തേണ്ടതുണ്ട്. നഗരങ്ങളില്‍ മള്‍ട്ടി മോഡല്‍ ഗതാഗത സംവിധാനം നടപ്പാക്കാനാണ് നഗരവികസ മന്ത്രാലയം ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ കാക്കനാട് മുതല്‍ നെടുമ്പാശേരി വരെയുള്ള രണ്ടാംഘട്ടത്തിന് തുടക്കം കുറിക്കാന്‍ കഴിയുമെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ ബജറ്റിനുള്ളില്‍ നിന്നുകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നും മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ശ്രീധരന്‍ മാജിക് തന്നെയാകും ഇക്കാര്യത്തിലും ഉണ്ടാകുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊച്ചി മെട്രോയ്ക്കായി ഭൂമി ഏറ്റെടുത്തത് ഏറ്റവും സുതാര്യമായ രീതിയിലാണെന്നും സംസ്ഥാനത്തെ മറ്റ് പദ്ധതികള്‍ക്കും ഇതേ നയത്തില്‍ തന്നെ ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
20 ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും മെട്രോ ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര നഗരവികസനമന്ത്രി സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണത്തിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. നഗരങ്ങളിലെ ഗതാഗതക്കുരുക്ക് മാറ്റുന്നതിനായി ഗതാഗത സംവിധാനങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മെട്രോ പദ്ധതികള്‍ നടപ്പാക്കുന്നത്. മോണോ റെയില്‍ പദ്ധതികളും ഇതിന്റെ ഭാഗമാണ്. കേരളത്തില്‍ കോഴിക്കോടും തിരുവനന്തപുരവും മോണോ റെയില്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിട്ടുള്ള വിവരവും അദ്ദേഹം ഓര്‍മിപ്പിച്ചു. കോഴിക്കോട് 14 കിലോമീറ്റര്‍ ദൂരപരിധിയില്‍ 1600 കോടി രൂപയും തിരുവനന്തപുരത്ത് 2500 കോടി രൂപയും മുതല്‍മുടക്കിയുമാണ് മോണോ റെയില്‍ നടപ്പിലാക്കുക. മോണോ റെയില്‍ പദ്ധതിയും മുന്‍ഗണനയിലെടുക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.
Discussion about this post