കൊച്ചി: കേരളം മികച്ച പത്രപ്രവര്‍ത്തന പാരമ്പര്യത്തിന്‍റെ നാടാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. കൊച്ചിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാമൂഹ്യ നവോത്ഥാന രംഗത്ത് മാധ്യമങ്ങള്‍ നിസ്തുലമായ പങ്കു വഹിച്ചിട്ടുണ്ട്. ഇന്നും കേരളത്തില്‍ സാമൂഹ്യ ചലനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പത്രങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. കേസരി ബാലകൃഷ്ണപിള്ളയെപ്പോലുള്ള പ്രഗ്ഭരായ മാധ്യമപ്രവര്‍ത്തകരുടെ നാടാണ് കേരളമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഉത്തരവാദിത്വവും ക്രിയാത്മകവുമായ മാധ്യമപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും കൂട്ടിച്ചേര്‍ത്തു. ഒരു ലക്ഷത്തിലധികം സര്‍ക്കുലേഷനുള്ള 10 ദിനപത്രങ്ങള്‍ കേരളത്തില്‍ ഇപ്പോഴുമുണ്ട്. അഞ്ച് സമ്പൂര്‍ണവാര്‍ത്താചാനലുകള്‍ ഉള്‍പ്പെടെ 10 ചാനലുകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാധ്യമങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭാരതം നിരവധി വെല്ലുവിളികള്‍ നേരിടുന്ന സമയമാണിതെന്ന് ആസാം കലാപവും തുടര്‍ന്നുള്ള സംഭവങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. മതസൌഹാര്‍ദ്ദത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നാണ് ഈ സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നതെന്ന് കൂട്ടിച്ചേര്‍ത്ത അദ്ദേഹം സാമുദായിക ഭിന്നിപ്പ് ഉണ്ടാകുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്നും പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രമന്ത്രിമാരായ എ.കെ ആന്റണി വയലാര്‍ രവി, കെ.വി തോമസ്, ഇ. അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post