തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വില വര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയും ഇടതുപാര്‍ട്ടികളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. സ്വകാര്യ ബസുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തില്‍ ഇറങ്ങിയിട്ടുണ്ട്. വിവിധ നഗരങ്ങളില്‍ കനത്ത പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹര്‍ത്താലില്‍ കുടുങ്ങിക്കിടക്കുന്നവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ പോലീസ് വാഹനവുമായി രംഗത്തുണ്ട്. ഹര്‍ത്താലിനോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ്, ബിജെപി കക്ഷികള്‍ സെക്രട്ടറിയേറ്റിലേക്കും മറ്റ് ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വില വര്‍ധനയില്‍ കനത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്ന് വന്നത്.
ഹര്‍ത്താലിനെ തുടര്‍ന്ന് വിവിധ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പിഎസ്സി ഇന്ന് നടത്താനിരുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്‌റ് ഉള്‍പ്പടെയുള്ള പരീക്ഷകള്‍ മാറ്റി. ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്‌റ് ഒക്‌റ്റോബര്‍ എട്ടിലേക്കാണ് മാറ്റിയിട്ടുള്ളത്. മറ്റു പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
Discussion about this post