തൃപ്പൂണിത്തുറ: വാതകച്ചോര്‍ച്ചയെത്തുടര്‍ന്ന് ഉദയംപേരൂര്‍ ഐഒസി പാചകവാതക ബോട്ട്ലിംഗ് പ്ളാന്റിലെ പ്രവര്‍ത്തനം നിലച്ചതോടെ സംസ്ഥാനത്തു പാചകവാതക ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. നാഗ്പൂര്‍, ഡല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍, കേന്ദ്ര എക്സ്പ്ളോസീവ് ഡിപ്പാര്‍ട്ട്മെന്റ്, ഫയര്‍ ആന്‍ഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇന്നും നാളെയുമായി പരിശോധന നടത്തും. ഇന്നലെ ഐഒസിയുടെ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള സംഘം ഐഒസിയില്‍ പരിശോധന നടത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉദയംപേരൂര്‍ പ്ളാന്റില്‍ 24 ടണ്‍ പാചകവാതകം ചോര്‍ന്നത്.
തുടര്‍ന്നു പ്ളാന്റില്‍ നടത്തിയ പരിശോധനയില്‍ വേണ്ടത്ര സുരക്ഷാസംവിധാനം ഇല്ലെന്നു കണ്െടത്തിയിരുന്നു. സുരക്ഷാ സംവിധാനം ശക്തമാക്കിയതിനു ശേഷം പ്ളാന്റ് തുറന്നു പ്രവര്‍ത്തിച്ചാല്‍ മതിയെന്നു കേന്ദ്ര എക്സ്പ്ളോസീവ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണു പ്ളാന്റ് താത്കാലികമായി അടച്ചത്.
ഗ്യാസ് സിലിണ്ടര്‍ വിതരണ ഏജന്‍സികളുടെ പക്കല്‍ ഉണ്ടായിരുന്ന സ്റോക്ക് തീര്‍ന്നതോടെ എല്‍പിജി ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. നാല്‍പ്പതോളം ബുള്ളറ്റ് ടാങ്കറുകള്‍ ഉദയംപേരൂരില്‍നിന്ന് ഐഒസിയുടെ കൊല്ലം ബോട്ട്ലിംഗ് പ്ളാന്റിലേക്കു മാറ്റിയിട്ടുണ്ട്.
സുരക്ഷാ ൃപരിശോധന വിലയിരുത്തുന്നതിനാണു കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥസംഘം എത്തുന്നത്. ഇവരുടെ അനുവാദം കിട്ടിയാല്‍ ബുധനാഴ്ചയോടെ കമ്പനി തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ഐഒസി അധികൃതര്‍ പറയുന്നത്. ബോട്ട്ലിംഗ് പ്ളാന്റ് തുറന്നു പ്രവര്‍ത്തിച്ചാലും ഒരാഴ്ചയെങ്കിലും കഴിഞ്ഞാലേ പാചകവാതക വിതരണം സാധാരണ നിലയിലാകൂ. ഉദയംപേരൂര്‍ പ്ളാന്റില്‍നിന്നു പ്രതിദിനം 160 ലോഡുകളിലായി 48,960 എല്‍പിജി സിലിണ്ടറുകളാണു വിതരണത്തിനായി പോകുന്നത്.
Discussion about this post