കളിയിക്കാവിള: കൂടംകുളം ആണവനിലയത്തിനെതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരഭൂമിയിലേക്ക് തിരിച്ച വി.എസ് അച്യുതാനന്ദനെ കളിയിക്കാവിളയില്‍ തമിഴ്നാട് പോലീസ് തടഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും യാത്ര അവസാനിപ്പിച്ച് മടങ്ങിപ്പോകണമെന്നുമുള്ള തമിഴ്നാട് പോലീസിന്റെ അഭ്യര്‍ഥന സ്വീകരിച്ച വി.എസ് തിരുവനന്തപുരത്തേക്ക് മടങ്ങി. വി.എസിനെ തടയാന്‍ നാഗര്‍കോവില്‍ എസ്പിയുടെ നേതൃത്വത്തില്‍ കളിയിക്കാവിളയില്‍ ശക്തമായ പോലീസിനെ തമിഴ്നാട് വിന്യസിച്ചിരുന്നു. 10.25 ഓടെ കളിയിക്കാവിളയില്‍ എത്തിയ അദ്ദേഹത്തിന്റെ വാഹനത്തിന് സമീപമെത്തി എസ്പി തമിഴ്നാട് പോലീസിന്റെ നിര്‍ദേശം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങി മാധ്യമപ്രവര്‍ത്തകരെയും ജനങ്ങളെയും അഭിസംബോധന ചെയ്ത വി.എസ് തമിഴ്നാട് പോലീസിന്റെ ഔദ്യോഗികമായുള്ള അഭ്യര്‍ഥന മാനിച്ച് താന്‍ മടങ്ങിപ്പോകുകയാണെന്ന് അറിയിച്ചു.
തമിഴ്നാട്ടിലെ ക്രമസമാധാനപ്രശ്നം വഷളാക്കാനല്ല തന്റെ സന്ദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഉദയകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനാണ് കൂടംകുളത്തേക്ക് പോകുന്നതെന്നും വി.എസ് വ്യക്തമാക്കി. അമേരിക്കയുമായി ചേര്‍ന്ന് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കൊണ്ടുവന്ന ആണവകരാറില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ച ഒരു പാര്‍ട്ടിയുടെ എളിയ പ്രവര്‍ത്തകനാണ് താനെന്ന് വി.എസ് പറഞ്ഞു. തമിഴ്നാട് ശാന്തമായും സമാധാനമായും കഴിയാനാണ് താന്‍ ആഗ്രഹിക്കുന്നത്. മലയാളിയെന്നോ തമിഴനെന്നോ ഹിന്ദിക്കാരനെന്നോ വേര്‍തിരിക്കുന്ന പ്രശ്നമല്ല ഇത്. കഴിഞ്ഞ 400 ദിവസമായി ഉദയകുമാറിന്റെ നേതൃത്വത്തില്‍ കൂടംകുളത്ത് പ്രതിഷേധം നടക്കുകയാണ്. ഇവരെ കാണാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നും വി.എസ് പറഞ്ഞു.
വി.എസ് കളിയിക്കാവിളയില്‍ എത്തിയ ഉടന്‍ അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നിരുന്നു. അവരോട് ശാന്തരാകാന്‍ അഭ്യര്‍ഥിച്ച ശേഷമായിരുന്നു വി.എസിന്റെ ലഘുപ്രസംഗം. അഭ്യര്‍ഥന നിരസിച്ച് യാത്ര തുടര്‍ന്നാല്‍ വി.എസിനെ അറസ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ക്ക് പോലും തമിഴ്നാട് പോലീസ് ആലോചിച്ചിരുന്നു. ഇന്നലെ തന്നെ വി.എസിനെ വിലക്കണമെന്ന് തമിഴ്നാട് പോലീസ് കേരള പോലീസിനോട് ഔദ്യോഗികമായി അഭ്യര്‍ഥിച്ചിരുന്നു. കേരള പോലീസ് വി.എസിനെ ഇക്കാര്യം അറിയിച്ചെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. രാവിലെ 9.30 ഓടെയായിരുന്നു വി.എസ് തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചത്. വി.എസിന്റെ സമരഭൂമിയിലേക്കുള്ള വരവ് ആവേശത്തോടെ കാത്തിരുന്ന കൂടംകുളം പ്രദേശവാസികളെയും പോലീസിന്റെ നടപടി നിരാശപ്പെടുത്തി.
Discussion about this post