കുമളി: തമിഴ്‌നാട്ടില്‍ നിന്നു ചത്തമാടുകളെ കേരളത്തില്‍ എത്തിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃഗസംരക്ഷണ വകുപ്പിന്റെ കുമളിയിലെ ചെക് പോസ്റ്റ് ഉപരോധിച്ചു. ചത്ത കാലികളെ സംസ്ഥാനത്ത് കടത്താന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്ന് ആരോപിച്ചാണ് ചെക് പോസ്റ്റ് ഉപരോധിച്ചത്.
ഇന്നലെ തമിഴ്‌നാട്ടിലെ കടലൂരില്‍ നിന്നു കാലികളുമായി കുമളിയിലെ മൃഗ സംരക്ഷണവകുപ്പിന്റെ ചെക്ക് പോസ്റ്റിലെ പരിശോധനയും കടന്നെത്തിയ ലോറിയിലാണ് ചത്ത പോത്തുകളെ കണ്ടെത്തിയത്. ലോറി ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുന്നു പേര്‍ അറസ്റ്റിലാവുകയും ചെയ്തു.
ആലപ്പുഴയ്ക്കു പോവുകയായിരുന്ന തമിഴ്‌നാട് ലോറിയുടെ പിന്നാലെ വന്ന കാറിലുണ്ടായിരുന്ന പീരുമേട് കോടതിയിലെ അഭിഭാഷകനായ ടി.സി. ഏബ്രഹാമാണ് മൃതപ്രായരായി കാലികള്‍ കിടക്കുന്നതു കണ്ടത്. ലോറിയെ മറി കടന്നു കയറിയ ഏബ്രഹാം വാഹനം തടഞ്ഞശേഷം കാലികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയേ യാത്ര തുടരാവൂ എന്നു പറഞ്ഞു. തുടര്‍ന്നു ലോറിയുടെ പിന്‍വാതില്‍ തുറന്നു നോക്കിയപ്പോഴാണ് രണ്ട് പോത്തുകള്‍ ചത്തു കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടത്.
Discussion about this post