തിരുവനന്തപുരം: തിരുവനന്തപുരത്ത് വലിയതുറയിലെ ഒരു സ്വകാര്യ സ്കൂളില്‍ പ്ളസ് വണ്‍ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ മൂന്നു വിദ്യാര്‍ഥികള്‍ പിടിയിലായി. പ്ളസ് വണ്‍ കണക്ക് ഇപ്രൂവ്മെന്റ് പരീക്ഷയ്ക്കാണ് ആള്‍മാറാട്ടം നടന്നത്.
പരീക്ഷ എഴുതേണ്ട രണ്ടു കുട്ടികള്‍ക്ക് പകരം പ്ളസ്ടൂ പരീക്ഷ കഴിഞ്ഞ രണ്ടു കുട്ടികള്‍ പരീക്ഷയ്ക്കെത്തി. പരീക്ഷ ആരംഭിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുകയായിരുന്ന അധ്യാപകന് കുട്ടികളെ സംശയം തോന്നിയതിനെത്തുടര്‍ന്ന് ഹാള്‍ടിക്കറ്റ് പരിശോധിച്ചപ്പോള്‍ ഹാള്‍ടിക്കറ്റിലെ ഫോട്ടോ മാറ്റി ഒട്ടിച്ചതായും പ്രിന്‍സിപ്പലിന്റെ വ്യാജ ഒപ്പിട്ടിരിക്കുന്നതായും കണ്ടെത്തി. ഇതേ തുടര്‍ന്ന് സ്കൂളധികൃതര്‍ വിവരം വലിയതുറ പോലീസിനെ വിവരം അറിയിച്ചു. ശംഖുമുഖം എ.സി വിമലിന്റെ നേതൃത്വത്തില്‍ വലിയതുറ പോലീസ് സ്ഥലത്തെത്തി കുട്ടികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പരീക്ഷ എഴുതേണ്ട കുട്ടികള്‍ക്ക് പകരം ഇവര്‍ പരീക്ഷ എഴുതാനെത്തിയതായിരുന്നു. പരീക്ഷ എഴുതാനെത്തിയ രണ്ടു കുട്ടികളും പരിക്ഷ എഴുതേണ്ട ഒരു വിദ്യാര്‍ഥിയുമാണ് പിടിയിലായത്. ഒരു വിദ്യാര്‍ഥി ഒളിവിലാണ്. പരിക്ഷ എഴുതാനെത്തിയ ഒരു കുട്ടി ഇപ്പോള്‍ പ്ളസ് ടൂ പരീക്ഷ പാസായയാളും മറ്റേയാള്‍ ബി.ഫാം വിദ്യാര്‍ത്ഥിയുമാണ്. പിടിയിലായവര്‍ക്കെതിരെ ആള്‍മാറാട്ടം,വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകളനുസരിച്ചാണു കേസെടുത്തിരിക്കുന്നത്.
Discussion about this post