തൂത്തുക്കുടി: കൂടംകുളം സമരത്തിന് കരുത്തു പകര്‍ന്നുകൊണ്ട് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ തൂത്തുക്കുടി തുറമുഖം ഉപരോധിച്ചു. നൂറുകണക്കിന് ബോട്ടുകളിലും വള്ളങ്ങളിലുമെത്തിയാണ് തൊഴിലാളികള്‍ തുറമുഖം ഉപരോധിച്ചത്. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള കപ്പല്‍ച്ചാല്‍ അടച്ചിട്ടു. ഉപരോധത്തോട് അനുഭാവം പ്രകടിപ്പിച്ച് തീരത്ത് മനുഷ്യച്ചങ്ങലയും തീര്‍ത്തിരുന്നു. കോടതിയുടെ അറസ്റ് വാറണ്ട് ഉണ്ടായിട്ടും സമരസമിതി നേതാവ് എസ്.പി ഉദയകുമാറും മനുഷ്യച്ചങ്ങലയില്‍ പങ്കാളിയായി. ഇത്രയും പ്രതിഷേധമുണ്ടായിട്ടും റിയാക്ടറില്‍ ഇന്ധനം നിറച്ചുതുടങ്ങിയത് ജനാധിപത്യ ധ്വംസനമാണെന്ന് ഉദയകുമാര്‍ പറഞ്ഞു. രാവിലെ 10 മണിയോടെയാണ് പ്രതിഷേധം തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് നിലയത്തിലെ റിയാക്ടറില്‍ ഇന്ധനം നിറയ്ക്കാന്‍ തുടങ്ങിയത്. ഈ സാഹചര്യത്തിലായിരുന്നു തുറമുഖം ഉപരോധിക്കാന്‍ സമരസമിതി തീരുമാനിച്ചത്.
Discussion about this post