തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കു പ്രമാണിച്ച് ഒക്ടോബറില്‍ കൊച്ചുവേളി- ബാംഗളൂര്‍ സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് ഇരുഭാഗത്തേക്കും നടത്തുന്നത്. കൊച്ചുവേളിയില്‍ നിന്നു ബാംഗളൂര്‍ സിറ്റിയിലേക്കു (ട്രെയിന്‍ നമ്പര്‍ 06316) ഞായര്‍, തിങ്കള്‍, വെള്ളി എന്നീ ദിവസങ്ങളിലാണു സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. വൈകുന്നേരം 4.30 നു പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ പത്തിനു ബാംഗളൂര്‍ സിറ്റിയില്‍ എത്തും.
ബാംഗളൂരില്‍ നിന്നു കൊച്ചുവേളിയിലേക്ക് (ട്രെയിന്‍ നമ്പര്‍ 06315) തിങ്കള്‍, ചൊവ്വ, ശനി എന്നീ ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക. വൈകുന്നേരം 5.15നു പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 10.15നു കൊച്ചുവേളിയിലെത്തും. ഒരു എസി ടു ടയര്‍, മൂന്ന് എസി ത്രീ ടയര്‍, 14 സ്ളീപ്പര്‍ ക്ളാസ്, മൂന്നു ജനറല്‍ സെക്കന്‍ഡ് ക്ളാസ്, രണ്ടു ലഗേജ് കം ബ്രേക്ക് വാന്‍ കോച്ചുകളാണു ട്രെയിനിലുണ്ടാകുക. കൊല്ലം, ആലപ്പുഴ, എറണാകുളം ജംഗ്്ഷന്‍, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, സേലം സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും. ബാംഗളൂരിലേക്കുള്ള ട്രെയിനിന്റെ മുന്‍കൂര്‍ ബുക്കിംഗ് ഇന്ന് ആരംഭിക്കും. കൊച്ചുവേളിയിലേക്കുള്ള ട്രെയിനിന്റെ ബുക്കിംഗ് തീയതി പിന്നാലെ അറിയിക്കും.
സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്ന ദിവസങ്ങളില്‍ മറ്റ് ഏതാനും ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന ബാംഗളൂര്‍ സിറ്റി- എറണാകുളം ജംഗ്ഷന്‍ ട്രെയിന്‍ (12684) ബാംഗളൂരില്‍ നിന്നും വൈകുന്നേരം 6.50 നു മാത്രമേ പുറപ്പെടുകയുള്ളു. എറണാകുളത്ത് രാവിലെ 6.10 നാകും എത്തിച്ചേരുക. തിങ്കളാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ബാംഗളൂര്‍ സിറ്റി – എറണാകുളം ജംഗ്ഷന്‍ പ്രതിവാര ട്രെയിന്‍ (22608) ബാംഗളൂരില്‍ നിന്നും വൈകുന്നേരം 6.50 നു പുറപ്പെട്ട് രാവിലെ 6.10 ന് എറണാകുളം ജംഗ്ഷനില്‍ എത്തിച്ചേരും.
വ്യാഴാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ബാംഗളൂര്‍ സിറ്റി – തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് (16321) ബാംഗളൂരില്‍ നിന്ന് വൈകുന്നേരം 5.15 നു പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30 നു തിരുവനന്തപുരത്ത് എത്തും. കൂടാതെ ഒക്ടോബറില്‍ ധന്‍ബാദ് – ആലപ്പുഴ എക്സ്പ്രസ്, ഷാലിമാര്‍- തിരുവനന്തപുരം എക്സ്പ്രസ്, എറണാകുളം- കായംകുളം പാസഞ്ചര്‍ ട്രെയിനുകള്‍ പത്തു മിനിറ്റ് മുമ്പ് യാത്ര അവസാനിപ്പിക്കും.
Discussion about this post