കണ്ണൂര്‍: സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പച്ചത്തേങ്ങയും കൃഷിഭവന്‍ മുഖേന സംഭരിക്കുന്ന പദ്ധതി അടുത്ത മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ നടപ്പിലാകുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തേങ്ങ പറിക്കാനും സംസ്കരിക്കാനും തൊഴിലാളികളെ കിട്ടാതെ കര്‍ഷകര്‍ വലയുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ചു സര്‍ക്കാര്‍ ആലോചിച്ചത്. കൃഷിഭവന്‍ കേന്ദ്രീകരിച്ചു തൊഴിലാളികളെക്കൂടി ഉള്‍ക്കൊള്ളിച്ചു നാളികേര കര്‍ഷകര്‍ക്കു തൊഴില്‍ സേനയെന്ന പദ്ധതിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. തേങ്ങ പറിക്കാനുള്ള ചെലവു പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. യന്ത്രവത്ക്കരണത്തിന്റെ സാധ്യതയും പ്രയോജനപ്പെടുത്തും. കേരഫെഡും കൃഷിവകുപ്പും സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു.
പച്ചത്തേങ്ങ സംഭരിച്ചു കൊപ്രയാക്കുന്നതിനായി ജില്ലകളില്‍ കൊപ്ര ഡ്രയറുകള്‍ സ്ഥാപിക്കും. നാളികേരത്തില്‍നിന്നു മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ചു കര്‍ഷകര്‍ക്കു വില സ്ഥിരതയും ഉറപ്പാക്കും. ഉത്പാദനച്ചെലവും അതിന്റെ അമ്പതു ശതമാനവും ചേര്‍ന്ന തുക വിലയായി നിശ്ചയിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇളനീരില്‍നിന്നു നീര ഉത്പാദിപ്പിച്ചു വിപണനം നടത്താനുള്ള മറ്റൊരു പദ്ധതിയെക്കുറിച്ചും സര്‍ക്കാര്‍ ഗൗരവപൂര്‍വം ആലോചിക്കുന്നുണ്ട്. എക്സൈസ് വകുപ്പിന്റെ അനുമതി കിട്ടിയാല്‍ ഇതു സാധ്യമാവും.
കണ്ണൂര്‍ ജില്ലയിലെ കരിമ്പത്ത് ഫാം ടൂറിസവുമായി ബന്ധപ്പെട്ട് ‘ജവഹര്‍ലാല്‍ നെഹ്റുഹെറിറ്റേജ് അഗ്രിക്കള്‍ച്ചറല്‍ ഫാം’ എന്ന പേരില്‍ പ്രോജക്ട് തയാറാക്കിയതായും മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ മുഴുവന്‍ തുകയും കേന്ദ്ര കൃഷിവകുപ്പു നല്കാമെന്നു സമ്മതിച്ചിട്ടുണ്ട്. ആനക്കയം, ആലുവ, പന്തളം എന്നിവിടങ്ങളിലെ ഫാമുകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. കാര്‍ഷിക മേഖലയ്ക്ക് അനുവദിച്ചിരുന്ന കേന്ദ്ര ഫണ്ട് പ്രയോജനപ്പെടുത്താന്‍ കഴിയാത്ത മുന്‍കാലങ്ങളിലെ സ്ഥിതി മാറിയിട്ടുണ്ട്.
ഈവര്‍ഷം കേന്ദ്രത്തില്‍നിന്ന് 1,287 കോടി രൂപയാണു കാര്‍ഷിക മേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ചു 487 കോടി രൂപ അധികമാണിത്. തൊഴിലുറപ്പു പദ്ധതിയെ കാര്‍ഷിക മേഖലയുമായി ബന്ധിപ്പിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ ശ്രദ്ധിക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ കെ.എ. സരള അധ്യക്ഷത വഹിച്ചു.
Discussion about this post