കൊച്ചി: തീരസംരക്ഷണ സേനയ്ക്കുവേണ്ടി 20 അതിവേഗ പെട്രോള്‍ വെസ്സലുകള്‍ നിര്‍മിച്ചുനല്‍കാനുള്ള 1500 കോടി രൂപയുടെ ഓര്‍ഡര്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് ലഭിച്ചു. ഇതോടെ കൊച്ചി കപ്പല്‍ശാലയ്ക്ക് മൊത്തം 36 കപ്പലുകള്‍ നിര്‍മിക്കാനായി 6,000 കോടി രൂപയുടെ ഓര്‍ഡറായി. രാജ്യത്ത് ആദ്യമായി നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ ഓര്‍ഡറാണ് ഇതില്‍ ഏറ്റവും വലുത്.
മറ്റു പ്രതിരോധ/സ്വകാര്യ കപ്പല്‍ നിര്‍മാണ ശാലകളില്‍നിന്നുള്ള കടുത്ത മത്സരം അതിജീവിച്ചാണ് കപ്പല്‍ശാല ഈ ഓര്‍ഡര്‍ നേടിയെടുത്തത്. ഈ കരാര്‍ നേടിയെടുക്കാന്‍ എല്‍ ആന്‍ഡ് ടി നേരത്തെ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. കൊച്ചി കപ്പല്‍ശാലയ്ക്ക് ഈ ഓര്‍ഡര്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി പ്രീതി സുതനും കൊച്ചി കപ്പല്‍ശാല ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബിജോയ് ഭാസ്‌കറും കരാറില്‍ ഒപ്പുവെച്ചു.
വര്‍ധിച്ചുവരുന്ന ഭീകര പ്രവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ രാജ്യത്തിന്റെ തീരദേശ സംരക്ഷണത്തിനായാണ് കോസ്റ്റ് ഗാര്‍ഡ് വെസ്സലുകള്‍ രംഗത്തിറക്കുക. വിദേശ കപ്പലുടമകള്‍ക്കുവേണ്ടി 15 ഓഫ്‌ഷോര്‍ സപ്പോര്‍ട്ട് വെസ്സലുകളുടെ നിര്‍മാണം കപ്പല്‍ശാലയില്‍ നടന്നുവരുന്നുണ്ട്.
50 മീറ്റര്‍ നീളമുള്ള അതിവേഗ പെട്രോള്‍ വെസ്സലുകള്‍ക്ക് 35 നോട്ടിക്കല്‍ മൈല്‍ ആയിരിക്കും വേഗം. 20 മാസം കൊണ്ട് ആദ്യ കപ്പലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. പിന്നീട് ഓരോ മൂന്നു മാസത്തില്‍ ഓരോ കപ്പല്‍ വീതം നിര്‍മിച്ചു കൈമാറും.
ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും കപ്പല്‍ശാലയ്ക്ക് ഓര്‍ഡര്‍ ലഭിക്കുന്നുണ്ടായിരുന്നു. നികുതിക്കു മുന്‍പുള്ള 2009-10 ലെ അറ്റാദായം മുന്‍ വര്‍ഷത്തെ 160 കോടിയില്‍ നിന്ന് 220 കോടിയിലെത്തി 39% വര്‍ധന രേഖപ്പെടുത്തുകയുണ്ടായി. കപ്പല്‍ നിര്‍മാണത്തില്‍ നിന്നുള്ള വരുമാനം 2008-09ല്‍ 986 കോടിയായിരുന്നത് 2009-10ല്‍ 1012 കോടിയായി വര്‍ധിക്കുകയും ചെയ്തു.
2009-10 വര്‍ഷത്തില്‍ അഞ്ചും 2010-11ല്‍ ആറും ഓഫ്‌ഷോര്‍ സപ്പോര്‍ട്ട് വെസ്സലുകള്‍ അമേരിക്ക, ജര്‍മനി, നോര്‍വേ, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളിലെ കപ്പലുടമകള്‍ക്ക് നിര്‍മിച്ചു കൈമാറുകയുണ്ടായി.
Discussion about this post