ന്യൂഡല്‍ഹി: അയോധ്യാക്കേസില്‍ അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അന്തഃസത്ത അംഗീകരിച്ചാല്‍ മാത്രമേ മുസ്‌ലീം സംഘടനകളുമായി അനുരഞ്ജന ചര്‍ച്ചയ്ക്കുള്ളൂവെന്ന് ആര്‍.എസ്.എസ്. പള്ളി നിലനിന്നിരുന്ന സ്ഥലം രാമന്റെ ജന്മസ്ഥലമാണെന്നാണ് ഹിന്ദുക്കള്‍ വിശ്വസിക്കുന്നതെന്നാണ് വിധി. ഇതിനെതിരെ മുസ്‌ലീങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കരുത്.
മറ്റൊരു സ്ഥലത്ത് പള്ളി പണിയാമെന്ന് അംഗീകരിക്കണം. എങ്കില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് തയ്യാറാണ് -ആര്‍.എസ്.എസ്. വക്താവ് രാം മാധവ് പറഞ്ഞു. ഒത്തുതീര്‍പ്പ് മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആര്‍.എസ്.എസ്സും മുസ്‌ലീം വ്യക്തിനിയമബോര്‍ഡും ഉള്‍പ്പെടെയുള്ള കക്ഷികള്‍ ബുധനാഴ്ച ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് രാം മാധവിന്റെ പ്രസ്താവന.
ഹിന്ദു നേതാക്കളുടെ ഉന്നതാധികാര സമിതിയായ ഉച്ഛാധികാര്‍ സമിതിയാണ് നിയമവഴി സ്വീകരിക്കണോ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പ് നടത്തണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജല്‍ഗാവില്‍ നടക്കുന്ന ആര്‍.എസ്.എസ്. ദേശീയ നിര്‍വാഹക സമിതിയില്‍ ഇതു സംബന്ധിച്ചു ചര്‍ച്ച ചെയ്യുമെന്നും രാം മാധവ് അറിയിച്ചു.
Discussion about this post