തിരുവനന്തപുരം: കടുവ സങ്കേതങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് കേരളത്തിന്റെ നിലപാട് തിങ്കളാഴ്ച സുപ്രീംകോടതിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വനം-വന്യജീവി വകുപ്പ്, ദേവസ്വം ബോര്‍ഡ് തുടങ്ങി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ഇതു സംബന്ധിച്ച സത്യവാങ്മൂലം നല്‍കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാനനക്ഷേത്രമാണ് ശബരിമലയിലേത്. പെരിയാര്‍കടുവാ സങ്കേതം വരുന്നതിനു മുമ്പുതന്നെ അവിടെ ക്ഷേത്രമുണ്ടായിരുന്നു. ശബരിമലയില്‍ എത്തുന്നവര്‍ ഭക്തജനങ്ങളാണ്. മറ്റു കാനനക്ഷേത്രങ്ങളുമായി ഇതിനു താരതമ്യവുമില്ല. ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ സോണിലാണ് ശബരിമലയുള്ളത്. കോര്‍ ഏര്യ അല്ല.
2004-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശബരിമല വികസനത്തിന് വനഭൂമി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പരിസ്ഥിതി മന്ത്രാലയം ഇവിടെ വന്നുപരിശോധിക്കുകയും മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ മാസ്റ്റര്‍ പ്ലാന്‍ പരിസ്ഥിതി മന്ത്രാലയവും കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയും പ്രധാനമന്ത്രി ചെയര്‍മാനായ നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡും അംഗീകരിച്ചു. ഇതു സുപ്രീം കോടതിയുടെ അനുമതിക്ക് സമര്‍പ്പിക്കുകയും അവരുടെ അനുമതിയോടെ 12.67 ഹെക്ടര്‍ സ്ഥലം കേന്ദ്രസര്‍ക്കാര്‍ വനംമേഖലയില്‍ നിന്നു വിട്ടുതരുകയും ചെയ്തു -മുഖ്യമന്ത്രി അറിയിച്ചു.
ശബരിമല മാസ്റ്റര്‍പ്ലാനിന് 2011-12 ല്‍ 15 കോടിയും 2012-13 ല്‍ 25 കോടിയും വിനിയോഗിച്ചു. സീറോ വേസ്റ്റ് ശബരിമല പദ്ധതിക്ക് 5 കോടി അനുവദിച്ചിട്ടുണ്ട്. നിലയ്ക്കല്‍ പാര്‍ക്കിങ്ഗ്രൗണ്ട് നവീകരിക്കുകയും ശരംകുത്തി മുതല്‍ കൂടുതല്‍ ക്യൂ കോംപ്ലക്‌സുകള്‍ തയാറാക്കുകയും ചെയ്തു. പമ്പ മുതല്‍ മരക്കൂട്ടം വരെയുള്ള നടപ്പന്തലുകളുടെയും മരക്കൂട്ടത്തെ പുതിയ ക്യൂ കോംപ്ലക്‌സുകളുടെയും ഉദ്ഘാടനം ഒക്ടോബര്‍ 20 ന് നടത്തും. സന്നിധാനത്തെ വലിയ നടപ്പന്തലിന് 27 കോടി രൂപ ചെലവില്‍ രണ്ടാം നില ഉടന്‍ തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post