തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുതായി രൂപംകൊടുത്ത മന്ത്രിസഭാ ഉപസമിതിയായിരിക്കും നിരക്ക് തീരുമാനിക്കുക. മന്ത്രിമാരായ കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങള്‍. ഒന്‍പതിന് ബസുടമകളുമായി ഉപസമിതി ചര്‍ച്ച നടത്തും. ഓട്ടോ ടാക്സി നിരക്കു വര്‍ധനയും സമിതി പരിഗണിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. അടുത്തിടെയുണ്ടായ ഡീസല്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാചക വാതക സിലണ്ടറുകളുടെ സബ്സിഡിക്ക് പ്രത്യേക പാക്കേജ് രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. യുഡിഎഫിന്റെ അംഗീകാരത്തിന് ശേഷം പാക്കേജ് മന്ത്രിസഭ പരിഗണിക്കും. അരൂരില്‍ ആളില്ലാ ലെവല്‍ക്രോസിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Discussion about this post