തിരുവനന്തപുരം: ഗ്യാസ് സിലിണ്ടറുകളുടെ വിലവര്‍ധനയും അവയുടെ എണ്ണം വെട്ടിക്കുറച്ച നടപടിയും ജനജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തില്‍ തീരുമാനം പിന്‍വലിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. എണ്ണക്കമ്പനികള്‍ വന്‍ ലാഭമാണ് ഇപ്പോള്‍ ഉണ്ടാക്കുന്നത്. സബ്‌സിഡി നല്‍കുന്നത് വഴി ഇരുപത്തിരണ്ടായിരം കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന് ചിലവാകുന്നത്. എന്നാല്‍, രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് അഞ്ചര ലക്ഷം കോടി രൂപ ഇളവ് അനുവദിക്കാന്‍ സര്‍ക്കാരിന് യാതൊരു വിഷമവും ഉണ്ടായില്ല. കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സബ്‌സിഡി പൂര്‍ണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സിലിണ്ടറുകള്‍ക്ക് ചുമത്തുന്ന നികുതിയുടെ ഒരു ഭാഗം സബ്‌സിഡിയ്ക്കായി ഉപയോഗിച്ചാല്‍ ഇതിനു പരിഹാരം കാണാന്‍ കഴിയുമെന്നും പിണറായി പറഞ്ഞു. ഗ്യാസ് സിലിണ്ടറുകളുടെ വിതരണം വെട്ടിക്കുറച്ച നടപടിയും വിലവര്‍ധനയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്‌ടോബര്‍ പത്തിന് ഗ്യാസ് ഏജന്‍സികളിലേയ്ക്കു ഫില്ലിങ് സ്‌റ്റേഷനുകളിലേയ്ക്കും സി.പി.എം. ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്നും പിണറായി പറഞ്ഞു.
Discussion about this post