ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.
ജന്മ പരമ്പര (ഭാഗം-2)
രാഗം,ദ്വേഷം തുടങ്ങിയ ചിന്തകള്‍ സൃഷ്ടിക്കുന്ന ബന്ധങ്ങള്‍ പരിസരബന്ധങ്ങളില്‍പ്പെട്ട് ഉണ്ടാകുന്ന പുണ്യപാപകര്‍മങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ച് മുകളില്‍ പ്രസ്താവിച്ച മോക്ഷാന്മുഖതയ്ക്ക് കാലവിളംബം വരുത്തും. ധര്‍മാധര്‍മങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ച് അനുഭവങ്ങള്‍ക്ക് മോക്ഷമാര്‍ഗത്തില്‍ വേഗതയോ താമസമോ സംഭവിക്കാം. അനേകായിരം സംവത്സരങ്ങളുടെ വ്യത്യാസം പോലും ഇതില്‍ ഉണ്ടാകാവുന്നതാണ്. പ്രേതലോകം,പിതൃലോകം,സ്വര്‍ഗലോകം തുടങ്ങിയ അനുഭവമണ്ഡലങ്ങളില്‍ ജീവന്‍ വ്യാപരിക്കുമ്പോള്‍ കര്‍മാനുഭവങ്ങള്‍ ഉണ്ടാകുന്നത് ധര്‍മാധര്‍മങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ചാണ്. ഈ കാല ദൈര്‍ഘ്യ വ്യത്യാസം ഓരോജന്മത്തിലും തന്മയീഭവിക്കുന്ന വിവിധ വികാരങ്ങളെ ആസ്പദിച്ച് ഉത്തരലോകങ്ങളില്‍ പുരോഗതിക്ക് കാലതാമസം സൃഷ്ടിക്കുന്നു.
വിവിധശരീരങ്ങളോട് ബന്ധപ്പെട്ടുണ്ടാകുന്ന പുണ്യപാപഫലങ്ങള്‍ക്കനുസരിച്ച് ഇതരലോകവാസങ്ങള്‍ക്ക് വ്യത്യാസം സംഭവിക്കും. മാനസശരീരവുമായുള്ള ബന്ധം അധികവും രാഗദ്വേഷസമ്മിശ്രമാണ്. തന്മൂലം ഇതരലോകവാസങ്ങള്‍ക്ക് സമയക്കുറവുനേരിടും. ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളില്‍ പുണ്യാംശം കൂടുന്നതുകൊണ്ട് ഇതരലോകവാസങ്ങളിലെ സുഖാനുഭവം കൂടിയിരിക്കും. ഇവ തമ്മിലുള്ള കാലദൈര്‍ഘ്യവ്യത്യാസം 500 മുതല്‍ 1200 വരെ സംവത്സരങ്ങള്‍ ആകാവുന്നതാണ്. അതിനു ശേഷം മാത്രമേ ജീവാത്മാക്കള്‍ക്ക് ഭൂലോകത്തില്‍ ജന്മം ലഭിക്കുകയുള്ളു. എന്നാല്‍ ആത്മവികാസത്തിനുള്ള കാലപരിഗണനയിലല്ലാതെ വികാസത്തിന്റെ മാര്‍ഗത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നില്ല. ആത്മഹത്യ,യുദ്ധം തുടങ്ങിയവയും ഭൂകമ്പം,പ്രളയം തുടങ്ങിയ പ്രകൃതിസംഭവങ്ങളും വികാസത്തെ തടസ്സപ്പെടുത്തുന്ന മറ്റുകാരണങ്ങളാണ്. ആത്മവികാസത്തിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന നിഷ്ഠയും ശീഘ്രഗതിയും അനുസരിച്ച് സഞ്ചിതകര്‍മങ്ങളുടെ പാപഫലത്തിന്റെ അനുഭവവേഗത കൂടിയും കുറഞ്ഞും ഇരിക്കും.
ഓരോ ജീവാത്മാവിനും നിര്‍വഹിക്കേണ്ടിവരുന്ന കര്‍മങ്ങളുടെ പശ്ചാത്തലം,പരിസരം,സംഭവവ്യത്യാസങ്ങള്‍ തുടങ്ങി പല ഘടകങ്ങളും കൈവല്യപ്രാപ്തിക്കുള്ള സമയദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുണ്ടാക്കും. ധര്‍മദേവന്മാരെന്ന് പ്രസിദ്ധമായ നിയന്ത്രണ ശക്തിയില്‍ ധര്‍മാധര്‍മചിന്തയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള ഫലം മാത്രമേ അനുഭവിക്കേണ്ടിവരികയുള്ളു. ഈശ്വരസങ്കല്പംകൊണ്ടുള്ള പരിണാമം കൈവല്യത്തെ ത്വരിതപ്പെടുത്തുനനതുമാണ്. ജന്മാരംഭത്തിലോരോന്നിലും കഴിയുന്നത്ര അനുകൂലസ്ഥിതി സംഭവിക്കുവാനുള്ള കര്‍മങ്ങളുടെ ക്രമീകരണം ഉണ്ടായിരിക്കും. ഈ കര്‍മങ്ങളുടെ ക്രമീകരണം നിര്‍വഹിക്കുന്നത് കര്‍മദേവന്മാരാണ്. ജന്മാരംഭത്തില്‍ സഞ്ചിതകര്‍മഭാരം കുറയ്ക്കുന്നതും കര്‍മദേവന്മാര്‍ തന്നെയാണ്. ജീവാത്മാവിന്റെ അഭ്യുദയത്തിന് തടസ്സം നില്‍ക്കാതെയുള്ള ക്രമീകരണം ഇവര്‍ എപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കും. പുണ്യപാപാംശങ്ങളെ തിരഞ്ഞെടുക്കുന്നതും ക്രമീകരിക്കുന്നതും ജീവാത്മാവിന്റെ അഭ്യുദയത്തെ ലക്ഷ്യമാക്കിയാണ്.
”സോപക്രമ കര്‍മം” – പെട്ടെന്നു ഫലത്തെ കൊടുക്കുന്ന കര്‍മം’ . എന്ന് പതജ്ഞലി മഹര്‍ഷി വിശദീകരിക്കുന്നത് മേല്‍പറഞ്ഞ ക്രമീകരണസിദ്ധാന്തത്തെയാണ്.ഓരോ ജന്മത്തിനും അവകാശപ്പെട്ട വാസനകള്‍ക്കായിരിക്കും അതാതുജന്മങ്ങളില്‍ പ്രാമുഖ്യം. ബാക്കിയുള്ള വാസനകള്‍ അപ്പോള്‍ ശാന്തമായിരിക്കും. അനുകൂലമായ പശ്ചാത്തലത്തിലും പരിസരത്തിലും ഓരോ വാസനയും ശക്തിപ്രാപിക്കുന്നു. ഈ ക്രമമനുസരിച്ച് ജന്മവ്യത്യാസങ്ങള്‍ സംഭവിക്കും. ഇങ്ങനെ ശാന്തമാകുന്ന വാസനകളെ അനാരബ്ധകര്‍മമെന്ന് വിളിക്കുന്നു. ‘നിരുപക്രമം കര്‍മഃ” എന്ന് പതജ്ഞലി വിശേഷിപ്പിക്കുന്നത് മുന്‍പറഞ്ഞ അനാരബ്ധ കര്‍മത്തെത്തന്നെയാണ്. ”സോപക്രമം നിരുപക്രമം ച കര്‍മ:” – പെട്ടെന്ന് ഫലം കൊടുക്കുന്നത്,കാലാന്തരത്തില്‍ ഫലം കൊടുക്കുന്നത് എന്നിങ്ങനെ കര്‍മം രണ്ടുവിധം.’- എന്നുമുള്ള കര്‍മങ്ങളുടെ രണ്ടു ഭാവങ്ങള്‍ പുണ്യ പാപങ്ങളുടെ ഏറ്റക്കുറച്ചിലിനെ ആസ്പദമാക്കി സംഭവിക്കുന്ന ജന്മങ്ങളേയും അനുഭവങ്ങളേയുമാണ് വ്യക്തമാക്കുന്നത്.
ജന്മകാരണകര്‍മങ്ങള്‍ സോപക്രമവും പ്രകടമായ സ്വഭാവത്തോടുകൂടിയതുമാണ്. നിരുപക്രമം മേല്‍പറഞ്ഞ കര്‍മത്തോടു ബന്ധമുള്ളതാണെങ്കിലും ജന്മമുണ്ടാക്കാന്‍ ശക്തിയില്ലാത്തതും താരതമ്യേന ശാന്തവുമാണ്. എന്നാല്‍ ഓരോ കര്‍മത്തിലും ജീവാത്മാവുനിര്‍വഹിക്കുന്ന കര്‍മങ്ങള്‍ ആഗാമികകര്‍മങ്ങള്‍ എന്നറിയപ്പെടുന്നു. ജന്മത്തിന്റെ വര്‍ത്തമാന കാലഘട്ടത്തില്‍ നടക്കുന്നതിനാല്‍ ഇതിനെ വര്‍ത്തമാനകര്‍മമെന്നും പറയുന്നു. എന്നാല്‍ ആഗാമികകര്‍മങ്ങളില്‍ സഞ്ചിതമായിത്തീരുന്ന പാപാംശം അനാരബ്ധകര്‍മവുമായി യോജിച്ച് ശക്തിപ്രാപിക്കുകയാണെങ്കില്‍ മുന്‍പ് ശാന്തമായിരുന്നതും പിന്നീട് ശക്തിപ്രാപിച്ചതുമായ കര്‍മത്തില്‍ സോപക്രമവ്യവസ്ഥ അടുത്ത ജന്മം പ്രായോഗികമാകുന്നു. അതായത് ശക്തിപ്രാപിച്ച കര്‍മത്തിനനുസരണമായ ജന്മമുണ്ടാകുന്നു. ഇങ്ങനെ ജന്മങ്ങളുടെ ആവര്‍ത്തനം സംഭവിക്കുമ്പോള്‍ പൂര്‍വ കര്‍മങ്ങളോട് യോജിക്കുന്ന വര്‍ത്തമാനകര്‍മങ്ങളും കൂടിചേര്‍ന്ന് പുതിയ പുതിയ സ്ഥൂലശരീരസൃഷ്ടി സംഭവിക്കുന്നു.
വാസനാരൂപേണ ജീവനിലവശേഷിക്കുന്ന സമസ്തവസ്തുക്കളും കാലംകൊണ്ട് ജന്മങ്ങളിലൂടെ ഉച്ഛയായും ക്രിയയായും പ്രവര്‍ത്തിച്ച് ജീവന് സംതൃപ്തിയോ സന്താപമോ ഉണ്ടാക്കുന്നു. ജീവനില്‍ നയിച്ചുറങ്ങുന്ന ആഗ്രഹങ്ങളും ചിന്താശകലങ്ങളും സ്ഥൂലലോകസ്വഭാവത്തിലൂടെ പ്രാവര്‍ത്തികമാക്കുവാനാണ് ശ്രമിക്കുന്നത്.
സ്ഥൂലശരീരം നഷ്ടപ്പെടുമ്പോള്‍ ജീവാത്മാവിന് തൊട്ടടുത്തുള്ള ജന്മത്തിലെ ജനനവും മരണവും സംഭവിച്ചാല്‍,അതായത് ജീവാത്മാവിന്റെ ഉപാധികള്‍ വിലയിച്ചാല്‍ ജീവനിലെ ശാശ്വതപരമാണുക്കളില്‍ മേല്‍പറഞ്ഞ ചിന്താവീചികള്‍ സംസ്‌കാരങ്ങളായവശേഷിക്കുന്നു. ഓരോ ജന്മത്തിലും ഇങ്ങനെ ജീവാത്മാവിന്റെ കര്‍മശിഷ്ടങ്ങള്‍ ശാശ്വതപരമാണുക്കളില്‍ രൂഢമൂലമായിത്തീരുന്നു. പുനര്‍ജന്മത്തില്‍ പൂര്‍വജന്മവാസന ഉണ്ടാക്കുന്നതിനുള്ള കാരണമിതാണ്. തന്നെയുമല്ല,പുനര്‍ജന്മത്തില്‍ ശാശ്വതാണുക്കള്‍ക്ക്് ചുറ്റും പുതിയ ഭൂതാംശങ്ങള്‍ അഥവാ നൂതനശരീരങ്ങള്‍ സംഭരിക്കപ്പെടുകയും ശാശ്വതാണുവിന്റെ സ്പന്ദനവിശേഷംകൊണ്ട് പ്രസ്തുത നൂതനശരീരങ്ങള്‍ പരമാണുവിന്റെ ഇച്ഛാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്നതിനുള്ള സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്നു. അനന്തരം ചുറ്റുപാടുകളുടെ അനുകൂല-പ്രതികൂല സാഹചര്യങ്ങളെ അനുസരിച്ചും തിരസ്‌കരിച്ചും ആഗ്രഹങ്ങളും വികാരങ്ങളും വിചാരങ്ങളും കര്‍മാനുസൃതമായിത്തീരുന്നു. ശാശ്വതാണുക്കളില്‍ നിക്ഷിപ്തമായിക്കിടക്കുന്ന സംസ്‌കാരം ഇച്ഛയായി വികസിച്ച് പുതിയ ഭൂതമാത്രകളിലേക്ക് വ്യാപരിക്കുകയും ഇങ്ങനെ സംഭരിക്കുന്ന ഭൂതമാത്രകള്‍ ചേര്‍ന്ന് ജീവാത്മാവിന് കര്‍മം ചെയ്യാനനുകൂലമായ ശരീരമായി പരിണമിക്കുകയും ചെയ്യുന്നു. ജാതി,ഗോത്രം,വര്‍ണം തുടങ്ങിയസങ്കല്പങ്ങളിലും കുടുങ്ങി സ്വതന്ത്രമായ വികാസത്തെ തടസ്സപ്പെടുത്തുന്നു.
ദുഃഖപരിഹാരത്തിനും സുഖാനുഭവത്തിനും വേണ്ടി ജീവനുണ്ടാകുന്ന ആഗ്രഹം ഏതുരീതിയിലെപ്പോഴുണ്ടാകുമെന്ന് കണ്ടുപിടിക്കുക വിഷമമാണ്. അനന്തകോടി സൃഷ്ടികളിലൂടെ അവശേഷിച്ചും വിസര്‍ജിച്ചും ബന്ധപ്പെട്ടിരിക്കുന്ന ആശാലക്ഷങ്ങള്‍ പൂര്‍വവാസനകളുമായി എപ്പോഴാണൊരുമിക്കുന്നതെന്നും നിര്‍ണയിക്കാന്‍ കഴിയില്ല. ഓരോ കര്‍മചലനത്തിലും ബന്ധപ്പെട്ട നില്ക്കുന്ന പശ്ചാത്തലങ്ങളും പൂര്‍വവാസനകളും വര്‍ത്തമാനകര്‍മത്തെ സ്വീകരിക്കുന്നതെപ്രകാരമായിരിക്കുന്നതെന്ന് നിര്‍ണയിക്കാന്‍ സാദ്ധ്യമല്ല. ”കര്‍മസ്യ ഗഹനാ ഗതി” – ‘കര്‍മഗതി ഗഹനമത്രെ’ . എന്ന ആപ്ത വാക്യം ഇവിടെ സ്മരണീയമാണ്. സബീജ സമാധിയിലൂടെ ജീവന് സംഭവിക്കാവുന്ന പൂര്‍വാപരജന്മങ്ങളുടെയും കര്‍മവാസനകളുടെയും സാമാന്യസ്വാഭാവമാണ് മേല്‍വിവരിച്ചത്.
Discussion about this post