കൊച്ചി: മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള നാല് ഡാമുകള്‍ കേന്ദ്രത്തിന്റെ ഡാം രജിസ്റ്ററില്‍ ഇപ്പോഴും തമിഴ്‌നാടിന്റെ പട്ടികയിലാണ്. കേരളത്തിലെ ഡാമുകള്‍ തമിഴ്‌നാടിന്റെ പട്ടികയില്‍ നിന്ന് നീക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി രേഖകള്‍ സുചിപ്പിക്കുന്നു. ഈ ഡാമുകള്‍ കേരളത്തിന്റെ പട്ടികയില്‍ ചേര്‍ക്കുന്നതിന് പകരം കേരളത്തിന്റേതെന്ന് അടിക്കുറിപ്പ് കൊടുത്താല്‍ മതിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് കേന്ദ്ര ജലകമ്മീഷന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.
മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം എന്നീ ഡാമുകളാണ് തമിഴ്‌നാടിന്റെ ഭാഗമായി കണക്കാക്കിയിരിക്കുന്നത്. രേഖകള്‍ പ്രകാരം കേരളത്തിലുള്ളത് 56 ഡാമുകള്‍ക്കു പകരം 52 ഡാമുകള്‍ മാത്രം. തമിഴ്‌നാട്ടിലെ ഡാമുകളുടെ എണ്ണം 116 ഡാമുകളുടെ സ്ഥാനത്ത് 120 എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്‍ എംപി പി സി തോമസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ രേഖകളില്‍ ഡാമുകളെ കേരളത്തിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ല.
Discussion about this post